ചിറ്റൂര്‍ തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വ പദവി, പാരിസ്ഥിതിക ആരോഗ്യ രക്ഷ ഉറപ്പ് വരുത്തിയതിന് നേട്ടം!!
പാലക്കാട്: ചിറ്റൂര്‍ തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു. ജൈവ-അജൈവ മാലിന്യ സംസ്‌കരണത്തിന് സുരക്ഷിതവും ശാസ്ത്രീയവുമായ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കിയതിനും തദ്ദേശസ്ഥാപന പരിധിയിലെ ജനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യ രക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നതിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയതിനെയും തുടര്‍ന്നാണ് ചിറ്റൂര്‍ തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വപദവി ലഭിച്ചത്.

ശുചിത്വ പദവി പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.മധു അധ്യക്ഷനായി. ജനപ്രതിനിധികളുടെയും ശുചീകരണ തൊഴിലാളികളുടെയും നഗരസഭാ വാസികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. നിരന്തരമായ, ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലൂടെ മാത്രമേ പൊതു ഇടങ്ങളും മണ്ണും മാലിന്യം ഇല്ലാതെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.
വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാത്രമല്ല ഉപയോഗശൂന്യമായ ട്യൂബുകള്‍, ചില്ല്, ലോഹനിര്‍മിത ഉപകരണങ്ങള്‍ അടക്കം മുഴുവന്‍ അജൈവമാലിന്യങ്ങളും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നേരിട്ടെത്തി ശേഖരിക്കുന്നുണ്ട്. ഇതിനായി 29 ഹരിതകര്‍മ്മസേന അംഗങ്ങളും 17 ശുചീകരണ തൊഴിലാളികളും പ്രയത്‌നിക്കുന്നുണ്ട്. നഗരസഭയുടെ മാലിന്യ, സംസ്‌കരണപ്ലാന്റില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനും മറ്റുമായി ഏഴ് തൊഴിലാളികളുമുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുകയാണ് പതിവ്. ഉറവിട മാലിന്യ സംസ്‌കരണത്തിനു സൗകര്യം ഇല്ലാത്ത വീടുകളില്‍ നിന്നും നഗരത്തിലെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യം പൊടിച്ചു കിലോയ്ക്ക് 10 രൂപ നിരക്കില്‍ വളമാക്കി കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ കെ മധു പറഞ്ഞു.












Click it and Unblock the Notifications