ഭാരതപുഴയിലേക്ക് ചാടിയ യുവതിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു;ഫോൺ വിശദമായി പരിശോധിക്കും
പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഭാരതപുഴയിലേക്ക് ചാടിയ യുവതിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു കൊപ്പം ആമയൂർ സ്വദേശി രേഷ്മ പാലത്തിൽ നിന്നും ചാടിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

രാത്രി ഒൻപതോടെയായിരുന്നു കുത്തി ഒഴുകുന്ന ഭാരതപുഴയിലേക്ക് രേഷ്മ ചാടിയത്.പാലത്തിന് സമീപം ഷാളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ ചിലർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി ബാഗ് പരിശോധിച്ചപ്പോൾ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. എന്നാൽ ഫോൺ ലോക്കായതിനാൽ ആരാണ് പുഴയിലേക്ക് ചാടിയതെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.
ഇതോടെ ആളെ കാണാനില്ലെന്ന പരാതികൾ പോലീസ് പരിശോധിച്ചു. ഇതിനിടയിൽ രേഷ്മയുടെ അമ്മ നൽകിയ പരാതി പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. വൈകീട്ട് ഏഴോടെയായിരുന്നു അമ്മ പരാതി നൽകിയത്.
അതേസമയം ശക്തമായ മഴയായതിനാൽ തിരച്ചിലിന് വലിയ തടസം നേരിട്ടിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ രാത്രിയിലെ തിരച്ചിൽ അവസാനിപ്പിച്ചു. തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവ് അജീഷുമായി അകന്ന് കഴിയുകയാണ് രേഷ്മ. പത്ത് വയസുള്ള മകളുണ്ട്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. രേഷ്മയുടെ ബാഗിൽ നിന്നും ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചാൽ മരണത്തിൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഇതിനായി രേഷ്മയുടെ ഫോൺ പരിശോധനയ്ക്ക് അയക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.












Click it and Unblock the Notifications