പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി; ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി
പാലക്കാട്: പാലക്കാട്ടെ നിർഭയകേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. നഗരത്തിൽ തന്നെയുള്ള നിർഭയ കേന്ദ്രത്തിൽ നിന്നാണ് മൂന്ന് പെൺകുട്ടികളെ കാണാതായത്. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് സംഭവം. പതിനേഴ് വയസുള്ള രണ്ട് പെൺകുട്ടികളെയും പതിനാല് വയസുള്ള മറ്റൊരു കുട്ടിയെയുമാണ് കാണാതായത്.
നിർഭയ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു എന്നാണ് വിവരം. കാണാതായ കുട്ടികളിൽ പോക്സോ കേസ് അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ ഉടൻ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികൾ പോവാൻ സാധ്യതയുള്ള മേഖലകളിൽ എല്ലാം തന്നെ പോലീസ് പരിശോധന നടത്തി വരികയാണ്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് പോലീസിൽ വിവരമറിയിച്ചത്. കുറച്ച് നാളുകളായി ഇവർ നിരന്തരം വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്നാണ് നിർഭയ കേന്ദ്രത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ ഇവർ മൂവരും ഇതുവരെ അവരുടെ വീടുകളിൽ എത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
ഇതോടെയാണ് ജില്ലയിൽ ഒന്നാകെ വ്യാപകമായ തിരച്ചിൽ നടത്തുന്നത്. പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടികൾ രാത്രിയോടെ നിർഭയ കേന്ദ്രത്തിൽ നിന്ന് പുറത്ത് ചാടിയാൽ അധിക ദൂരം പോവാനിടയില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ തന്നെ ഊർജിതമായി തിരച്ചിൽ നടക്കുന്നുണ്ട്.












Click it and Unblock the Notifications