കാട്ടാന ശല്യം രൂക്ഷം; അട്ടപ്പാടിയിൽ മൂന്ന് പഞ്ചായത്തുകളിൽ റാപ്പിഡ് റെസ്പോൺസ് ടീം
പാലക്കാട്:അട്ടപ്പാടിയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി പി പ്രസാദ്.
അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലാണ് ടീം പ്രവർത്തിക്കുക. മന്ത്രിയുടെ അധ്യക്ഷതയില്‍ അട്ടപ്പാടി ചീരക്കടവ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം.

മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. ജുലൈയിൽ മാത്രം രണ്ട് പേരെയാണ് പ്രദേശത്ത് കാട്ടാന ചവിട്ടി കൊന്നത്. വന്യജീവി ശല്യം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നാട്ടുകാർ ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടയിൽ യുവതിയെ കാട്ടാന ചവിട്ടി കൊന്നതിന് പിന്നാലെ കാട്ടാന ശല്യം തടയാൻ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ വലിയ പ്രതിഷേധം തീർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സർക്കാരിന്റെ അടിയന്തര ഇടപെടൽ.
പ്രദേശത്തെ നാലോളം അക്രമകാരികളായ ആനകളെ തിരിച്ചറിഞ്ഞ് അവയെ തുരത്തുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വനത്തില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാനും ചക്ക, മാങ്ങ തുടങ്ങിയവ ലഭ്യമാക്കാനും ജനകീയമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കും. വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് മുന്‍കൂട്ടി മനസ്സിലാക്കാന്‍ പദ്ധതികള്‍ ലഭ്യമാണോ എന്ന് പരിശോധിച്ച് ലഭ്യമെങ്കില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാനകളെ തുരത്താന്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി ലഭ്യമാക്കാന്‍ വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ പ്രത്യേക യോഗം ചേരും. പദ്ധതിക്കായി ലഭ്യമാക്കാവുന്ന ഫണ്ടുകളുടെ ഏകീകരണം നടത്തും. ഹാങിംഗ് ഫെന്‍സിംഗിനുള്ള സാധ്യതകളും നടപ്പാക്കാന്‍ കഴിയുന്ന ഇടങ്ങളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് ആദിവാസി വാച്ചര്‍മാരെ കൂടുതലായി ഉപയോഗിക്കണം. ട്രെഞ്ചും ഫെന്‍സിങ്ങും പരിപാലിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കും. ഇവ തദ്ദേശ സ്ഥാപനങ്ങള്‍ പരിഗണിക്കണം. ലേസര്‍ ലൈറ്റ്, ടോര്‍ച്ച് എന്നിവ റാപ്പിഡ് റസ്‌പോണ്‍ സിബിള്‍ ടീമിന് ലഭ്യമാക്കും. വനം വകുപ്പിന് ആവശ്യത്തിന് വാഹനം ലഭ്യമാക്കാന്‍ വനം മന്ത്രിയുമായി ചര്‍ച്ച നടത്തും.
പ്രാദേശികമായ ആളുകളെ ജാഗ്രതാ സമിതിയുടെ ഭാഗമാക്കും. വന്യ മൃഗങ്ങളുടെ അക്രമത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്കാലിക നിയമനം നല്‍കുകയും സ്ഥിര നിയമനം പിന്നീട് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ക്കൊപ്പം നാട്ടറിവുകളും പ്രയോജനപ്പെടുത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും യോഗത്തില്‍ പങ്കുവെച്ച ആശങ്കകള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.












Click it and Unblock the Notifications