സംസ്ഥാന സർക്കാറിന് തിരിച്ചടി: കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനാനുമതി റദ്ദാക്കി
ദില്ലി: കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനാനുമതി നിഷേധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. ഇക്കാര്യം വ്യക്തമാക്കി മെഡിക്കന്‍ കമ്മീഷന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് കൈമാറി. കോളേജ് തുറന്ന് പ്രവർത്തിപ്പിക്കാന്‍ ആവശ്യമായി അടിസ്ഥാന സൌകര്യങ്ങള്‍ സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. 2022-23 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാന്‍ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും ആലോചിക്കുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നടപടി.
2022-23 അക്കാദമിക് വർഷത്തില്‍ 100 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ആവശ്യം നിരാകരിച്ച മെഡിക്കല്‍ കമ്മീഷന്‍ കോളേജിന്റെ പ്രവർത്തനാനുമതി തടയുകയായിരുന്നു. മെഡിക്കൽ കോളജ് പ്രവർത്തിക്കാൻ വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പ്രവർത്തനാനുമതി നിഷേധിച്ചുകൊണ്ടുള്ള കത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ കെട്ടിടങ്ങൾ പണിതതല്ലാതെ വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ ലൈബ്രറിയോ മറ്റ് സംവിധാനങ്ങളോ ഇല്ല. പോരായ്മകൾ പരിഹരിച്ചാൽ വീണ്ടും പരിശോധന നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ഇനിയും പൂർണതോതിൽ പ്രവർത്തനത്തിന് സജ്ജമാകാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രവർത്തനാനുമതി നിഷേധിക്കുന്നത്.
അതേസമയം, കോന്നി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോന്നി മെഡിക്കല്‍ കോളജ് വികസന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു വീണ ജോർജ്.
6.5 കോടി രൂപ ചിലവിൽ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ സി ടി സ്കാൻ മെഷീൻ മെഡിക്കൽ കോളജിൽ സ്ഥാപിക്കും.19.5 കോടി രൂപ ചിലവിൽ മെഡിക്കൽ കോളജിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങും. ഒരു മാസത്തിനകം ഉപകരണങ്ങൾ ആശുപത്രിയിലെത്തും. അത്യാധുനിക നേത്രചികിത്സ, ഗൈനക്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്സ് എന്നീ ഡിപ്പാർട്ടുമെൻ്റുകൾ കേന്ദ്രീകരിച്ചാണ് ഉപകരണങ്ങൾ എത്തുക. ഉപകരണങ്ങൾ എത്തുന്നതോടെ ഈ വകുപ്പുകളുടെ ഒ പിയുടെ പ്രവർത്തനം പൂർണതോതിലാകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications