ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്; മത്സരത്തിന് 48 പള്ളിയോടങ്ങള്‍, പത്തനംതിട്ടയില്‍ അവധി
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് ആരംഭിക്കും. പമ്പയാറിന്റെ നെട്ടായത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് വള്ളംകളി നടക്കുക. ഇത്തവണ മത്സരത്തിന് 48 പള്ളിയോടങ്ങളാണ് രംഗത്തുള്ളത്. അതേസമയം പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. അതിനിടെയാണ് വള്ളംകളി ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.45ന് ജലഘോഷയാത്രയോടെ ജലോത്സവത്തിന് തുടക്കമാകും. മന്ത്രി വീണാ ജോര്‍ജ് ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
ജലോത്സവത്തിന്റെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ജലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. അതേസമയം പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

നേരത്തെ പമ്പയില്‍ വെള്ളം കുറഞ്ഞിരിക്കുന്നതിനാല്‍ വള്ളംകളിയില്‍ ആശങ്ക നിലനിന്നിരുന്നു. ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ മഴ കനക്കുകയും, ഉരുള്‍പ്പൊട്ടുകയും ചെയ്തതോടെ തല്‍സ്ഥിതി മാറുകയായിരുന്നു.
ജലനിരപ്പ് ഉയര്‍ന്നതോടെ മണിയാര്‍, മൂ ഴിയാര്‍ ഡാമുകള്‍ തുറന്നിരിക്കുകയാണ്. രാവിലെ ഒന്‍പതരയോടെ ആറന്മുള ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജലോത്സവ പരിപാടികള്‍ ആരംഭിക്കും. എ ബാച്ചില്‍ 9 ഹീറ്റ്‌സുകളിലായി 32 പള്ളിയോടങ്ങളും, ബി ബാച്ചില്‍ 4 ഹീറ്റ്‌സുകളിലായി 16 പള്ളിയോടങ്ങളും പങ്കെടുക്കും.
ആദ്യ അഞ്ച് ഹീറ്റ്‌സില്‍ ഇരുപത് പള്ളിയോടങ്ങളും, പിന്നീടുള്ള നാല് ഹീറ്റ്‌സില്‍ മൂന്ന് പള്ളിയോടങ്ങള്‍ വീതവുമാണ് മത്സരിക്കുന്നത്. ബി ബാച്ചിലെ 16 പള്ളിയോടങ്ങള്‍ നാല് ഹീറ്റ്‌സിലായി മത്സരിക്കും.എ ബാച്ചിലെ, ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്‌സില്‍ ഒന്നാമത്തെുന്ന പള്ളിയോടങ്ങള്‍ ഒന്നാം സെമിയിലും, ഏഴ്, എട്ട് അമ്പത് ഹീറ്റ്‌സില്‍ ഒന്നാമതെത്തുന്നവ മൂന്നാം സെമിയിലും മത്സരിക്കും.
മൂന്ന് സെമി ഫൈനലുകളില്‍ ഒന്നാമതെത്തുന്ന മൂന്ന് പള്ളിയോടങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ബി ബാച്ചിലെ നാല് ഹീറ്റ്‌സില്‍ ഒന്നാമത് എത്തുന്നവയും നേരിട്ട് ഫൈനലിലേക്ക് എത്തും. ആറന്മുളയുടെ തനത് ശൈലിയില്‍ വഞ്ചിപ്പാട്ട് പാടി ആദ്യം തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് ജേതാവായി പ്രഖ്യാപിക്കുക. മന്ത്രി സജി ചെറിയാനാണ് വള്ളം കളി ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ മന്ത്രി പി പ്രസാദ്, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, ദേവനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications