ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്: ജലോത്സവം രണ്ട് വർഷത്തിന് ശേഷം, ഔദ്യോഗിക പരിപാടികളില്ല
പത്തനംതിട്ട: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 50 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് വള്ളംകളിയുടെ ഫ്ലാഗ് ഓഫ്. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും.
അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അനുശോചനം അറിയിച്ചുകൊണ്ട് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് ജലോത്സവം നടക്കുന്നത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല.

നേരത്തെ നിശ്ചയിച്ച പ്രകാരം കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡിയായിരുന്നു ജലോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കുമെന്നും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയതിനാല്‍ മന്ത്രിമാർ വേദിയില്‍ എത്തില്ല.

സ്വാമി നിർവിണ്ണാനന്ദ മഹാരാജാണ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കുക. രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എം എൽ എയും സജി ചെറിയാൻ എം എൽഎ സുവനീർ പ്രകാശനവും നിർവഹിക്കും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും.

മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുൻ മിസോറം ഗവർണറും ബി ജെ പിനേതാവുമായ കുമ്മനം രാജശേഖരൻ നിർവഹിക്കും. എൻ എസ് എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ. എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും. അതേസമയം, വാട്ടർ സ്റ്റേഡിയത്തിലെ മൺപുറ്റുകളും കടവുകളിലെ ചെളിയും മേജർ ഇറിഗേഷൻ വകുപ്പ് കൂടുതൽ ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തിരുന്നു. ജലോത്സവത്തിന് എത്തുന്നവർക്ക് വേണ്ടി തിരുവല്ല, ചെങ്ങന്നൂർ, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും കെ എസ് ആർ ടി സി ആവശ്യമായ സർവീസ് നടത്തും.

പമ്പയുടെ ജലവിതാനം കുറയുന്നപക്ഷം മണിയാർ ഡാമിൽ നിന്നും ജലം തുറന്ന് വിട്ട് പി ഐ പി ജലനിരപ്പ് ക്രമീകരിക്കാനും നേരത്തെ തീരുമാനമായിരുന്നു. ജലോത്സവ ദിവസം 619 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കും. 50 ഉദ്യോഗസ്ഥരെയും മൂന്ന് സ്കൂ ബാ ടീമിനെയും ഫയർ ഫോഴ്സ് വിന്യസിക്കും. ആംബുലൻസ് , മെഡിക്കൽ ടീമടക്കമുള്ള സംവിധാനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഒരുക്കും.












Click it and Unblock the Notifications