ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; ഗതാഗത നിയന്ത്രണം നടപ്പിലാക്കി, സന്നിധാനത്തും തിരക്ക്
പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്കി വര്‍ധിച്ചതോടെ പത്തനംതിട്ടയിലെ വിവിധ ഇടങ്ങളിൽ ഗതാഗത ക്രമീകരണം നടപ്പിലാക്കി പോലീസ്. ശബരിമലയിലേക്കുള്ള പാതകളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചാണ് ഗതാഗത ക്രമീകരണം നടപ്പിലാക്കുന്നത്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ട ശേഷം മാത്രമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് കടത്തിവിടുന്നത്.
ഇതിനെ തുടർന്ന് മണിക്കൂറുകളോളം അയ്യപ്പ ഭക്തര്‍ ഇടത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെയുള്ള മേഖലയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാവുന്നത്. രാവിലെ മുതല്‍ എരുമേലി ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര കാണുന്നുണ്ട്. ഇതോടെയാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

അവധി ദിവസങ്ങളായതോടെ ഭക്തർ വലിയ തോതിൽ ഇവിടേക്ക് എത്തുന്നുണ്ട്. ഇതോടെ സന്നിധാനത്തും നിയന്ത്രണം നടപ്പിലാക്കി. നിലവിൽ പതിനെട്ടാം പടി കയറ്റുന്നത് ഒരു മിനിറ്റിൽ 70 പേരെയാണ് അതായത് മണിക്കൂറിൽ 4200 പേരോളം സന്നിധാനത്തേക്ക് പ്രവേശിക്കുന്നുണ്ട്. മണിക്കൂറിൽ 400 മുതൽ 4200 തീർഥാടകരിൽ കുറയാതെ പതിനെട്ടാംപടി കയറ്റി വിട്ടാൽ മാത്രമേ കൃത്യമായ രീതിയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയൂ എന്നാണ് പോലീസിന് ലഭിച്ച നിർദ്ദേശം.
എന്നാൽ സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരെ കയറ്റി വിടുമ്പോൾ സമയമെടുക്കുന്നുണ്ട്. ചുമതലയിലുള്ള ഡിവൈഎസ്‌പിമാർ ഇടയ്ക്കിടെ ക്യൂവിന്റെ സ്ഥിതി മനസിലാക്കി പടികയറ്റുന്നതിൽ വേഗം കൂട്ടുകയും കുറയ്ക്കുക വേണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.
നിലവിൽ പല ഭക്തർക്കും സന്നിധാനത്തെത്താൻ പന്ത്രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ്. തിക്കും തിരക്കും ഒഴിവാക്കാൻ നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി , നാറാണംതോട് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയുന്നുമുണ്ട്. ഇതാണ് കാത്തിരിപ്പ് നീളാൻ കാരണമാവുന്നത്.
തിരക്ക് നിയന്ത്രിക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പുതിയ പോലീസ് സംഘം ഇന്നലെ എത്തിയിരുന്നു. ഇന്നും നാളെയും ഇതേ തിരക്ക് തുടരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പമ്പയും ഭക്തരെക്കൊണ്ട് നിറഞ്ഞ സ്ഥിതിയാണ് ഇപ്പോഴുള്ളത്. തിങ്കളാഴ്‌ചയോടെ മാത്രമേ തിരക്കിൽ അൽപമെങ്കിലും കുറവുണ്ടാകൂ എന്നാണ് കരുതുന്നത്.
അതേസമയം, ശബരമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നിർദ്ദേശം നൽകി. ദർശനത്തിന് വേണ്ടി ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പോലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദ്ദേശം നൽകി. തീർത്ഥാടകർക്ക് ആവശ്യമായ കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രിയുടെ നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications