മരിച്ചയാളുടെ പേരിൽ മരുമകൾ വോട്ട് ചെയ്‌തു; ആറന്മുളയിൽ കള്ളവോട്ട് ആരോപണവുമായി എൽഡിഎഫ്
പത്തനംതിട്ട: വീട്ടിലെ വോട്ട് സംവിധാനത്തിൽ വ്യാപക പരാതികൾ ഉയരുന്നതിനിടെ ആറന്മുളയിൽ കള്ളവോട്ട് ആരോപണം ഉന്നയിച്ച് എൽഡിഎഫ് രംഗത്ത്. ഇവിടെ മരണപ്പെട്ട സ്ത്രീയുടെ പേരിൽ അവരുടെ അതേപേരുള്ള മരുമകൾ വോട്ട് രേഖപ്പെടുത്തിയെന്നാണ് എൽഡിഎഫ് പരാതിയിൽ പറയുന്നത്. ഇതിനായി വാർഡ് മെമ്പറും ബിഎൽഒയും ഒത്തുകളിച്ചു എന്നാണ് ആരോപണം.
കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. വിഷയം എൽഡിഎഫ് കളക്‌ടർക്ക് മുൻപിൽ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ വീട്ടില്‍ അന്നമ്മ എന്ന 94കാരി മരണപ്പെട്ടിട്ട് നാല് വർഷം കഴിഞ്ഞിരുന്നു.

എന്നാൽ ഇത് മറച്ചുവെച്ച് ഇവരുടെ പേരിൽ വീട്ടിലെ വോട്ടിനുള്ള അപേക്ഷ സമർപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പിന്നീട് ഏപ്രിൽ 18ന് വാർഡ് മെമ്പറും, ബിഎൽഒയും ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്താനായി ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ 94കാരിയുടെ പേരിൽ 72കാരിയായ അന്നമ്മയാണ് വോട്ട് രേഖപ്പെടുത്തിയത്.
സംഭവത്തിൽ പിഴവ് പറ്റിയെന്നാണ് ബിഎൽഒ ഉൾപ്പെടെയുള്ളവർ തന്നെ സമ്മതിക്കുന്നത്. എന്നാൽ പരാതിയുമായി മുന്നോട്ട് പോവാനാണ് എൽഡിഎഫ് തീരുമാനം. അവിടുത്തെ ബിഎൽഒ യുഡിഎഫ് പ്രവർത്തക ആണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇനി വിഷയത്തിൽ ജില്ലാ കളക്‌ടറാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.
അതേസമയം, പത്തനംതിട്ടയിൽ മാത്രമല്ല വീട്ടിലെ വോട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തും വ്യാപക പരാതികളാണ് ഉയർന്നത്. കോഴിക്കോട് നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്‌ടർ ഉത്തരവിട്ടിരുന്നു. പെരുവയലിൽ ആളുമാറി വോട്ട് ചെയ്‌ത സംഭവത്തിലാണ് നടപടി.
ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചത്. പത്തനംതിട്ടയിലേത് പോലെ തന്നെ ഒരേ പേരുള്ള ആളുകൾ തമ്മിലാണ് വോട്ട് മാറ്റി ചെയ്‌തത്. ഇതോടെ വീട്ടിലെ വോട്ടിനെ ചൊല്ലിയുള്ള ആശങ്ക കൂടുതൽ മുറുകുകയാണ്.
കണ്ണൂരിലും വീട്ടിലെ വോട്ടിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതി ഉയർന്നിരുന്നു. അതിനിടെ കണ്ണൂരിൽ ഏഴ് പോളിങ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കല്യാശേരി നിയോജക മണ്ഡലത്തില്‍ അഞ്ചും കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടും പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പോലീസ് ജില്ലാ കളക്‌ടറുടെ നിർദ്ദേശപ്രകാരം കേസെടുത്തത്.












Click it and Unblock the Notifications