ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ; ദർശന സമയം കൂട്ടി
പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നതിനിടയിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനമായി. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽക്കുകയായിരുന്നു. ഇതോടെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറന്നു. സാധാരണ ഗതിയിൽ വൈകീട്ട് നാല് മണിയോടെയാണ് നട തുറക്കാറുള്ളത്. മണ്ഡലകാലത്തേക്ക് മാത്രമാണ് നിലവിൽ ദർശന സമയം നീട്ടിയത്.
ഭാവിയിൽ തിരക്കിനനുസരിച്ച് മകര വിളക്ക് സമയത്തും ദർശന സമയം നേടുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ഇതിന് രാത്രിയും തിരക്ക് ഇതേ പടി തുടരുകയാണെങ്കിൽ നട അടയ്ക്കുന്ന സമയത്തിലും ചെറിയ മാറ്റമുണ്ടായേക്കും എന്നാണ് സൂചന. നിലവിൽ രാത്രി 11 മണിക്കാണ് നട അടയ്ക്കുന്നത്. അത് പതിനൊന്നര വരെയാക്കാനാണ് ആലോചന.

ദർശനത്തിനായി തീർത്ഥാടകർ മണിക്കൂറുകളോളം ജലപനമില്ലാതെ ക്യൂ നിൽക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. 14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. ഇതിന് പുറമെ ക്യൂ കോംപ്ലക്‌സിൽ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയും തീർത്ഥാടകർ ഉയർത്തുന്നുണ്ട്. ഇതിനിടെ സന്നിധാനത്തെ ക്രമീകരണങ്ങളിൽ പോലീസും ദേവസ്വം വകുപ്പും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇപ്പോഴും തുടരുകയാണ്.
സന്നിധാനത്ത് ഒരേ സമയം ഒന്നേകാൽ ലക്ഷം പേരെ കയറ്റി വിടണമെന്നാണ് ദേവസ്വം മുന്നോട്ട് വയ്ക്കുന്ന ആവശ്യം, എന്നാൽ ഇതിനോട് അനുകൂലമായല്ല പോലീസ് പ്രതികരിക്കുന്നത്. ഒരേസമയം 75,000 പേരെ മാത്രമേ സന്നിധാനത്ത് നിർത്താൻ സാധിക്കൂ എന്നതാണ് പോലീസിന്റെ നിലപാട്.പതിനെട്ടാം പടിയിൽ നിന്ന് കൂടുതൽ ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കണം എന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്.
അതേസമയം, സ്പോട്ട് ബുക്കിംഗ് നിർത്തി തീർത്ഥാടകരെ നിയന്ത്രിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഭിന്നത തുടരുന്നതിനിടെ വെർച്ചൽ ക്യൂ എൺപതിനായിരം ആക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
സന്നിധാനത്തെ തിരക്ക് മൂലം ഇടത്താവളങ്ങളിലും വലിയ ബുദ്ധിമുട്ടാണ് തീർത്ഥാടകർക്ക് നേരിടേണ്ടി വരുന്നത്. എരുമേലി നിലയ്ക്കൽ ഭാഗത്ത് വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്. ഇത് ഗതാഗത കുരുക്കിന് കാരണമാവുന്നുണ്ട്.
അതിനിടെ ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വരി പുനഃസ്ഥാപിച്ചിട്ടുണ്ട്. നടപ്പന്തലിലെ ഒന്‍പതാം നമ്പര്‍ കവാടത്തിലൂടെയാണ് ആളുകളെ കടത്തിവിട്ടു തുടങ്ങിയത്. ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടും കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ ഈ ക്യൂ കൃത്യമായി നടപ്പാക്കിയിരുന്നില്ല.












Click it and Unblock the Notifications