ബലികുടീരങ്ങളേ.. പാടാതെ എന്തുകൊണ്ട് രണഗീതം മാത്രം പാടി: വിശദീകരണവുമായി ഗാനമേള ട്രൂപ്പ്
പത്തനംതിട്ട: വള്ളംകുളം നന്നൂർ ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിക്കിടയിലുണ്ടായ സംഘർഷത്തില്‍ വിശദീകരണവുമായി ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ. ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ആർ എസ് എസിന്റെ രണഗീതം ഗാനമേളയ്ക്കിടയില്‍ പാടിയതെന്നാണ് ട്രൂപ്പ് മാനേജർ വ്യക്തമാക്കിയത്. ക്ഷേത്ര ഭാരവാഹികള്‍ ആർ എസ് എസുകാരാണ്. ഗാനമേളയ്ക്ക് മുമ്പ് തന്നെ ഇത്തരമൊരു ആവശ്യം സംഘാടക സമിതിയുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നുവെന്നും ഏഷ്യാനറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ വ്യക്തമാക്കി.
സംഘാടകർ ആവശ്യപ്പെടുന്ന ഗാനം ആലപിക്കേണ്ടത് ട്രൂപ്പിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ രണഗീതം പാടി കഴിഞ്ഞ ഉടന്‍ സി പി എം പ്രവർത്തകർ സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയതോടെ സംഘാടകരുമായി സംഘർഷമായി. സംഘർഷത്തെ തുടർന്ന് ഗാനമേള അവസാനിപ്പിച്ചെങ്കിലും സി പി എം പ്രവർത്തകർ കർട്ടന്‍ വലിച്ച് കീറിയെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഗാനമേള അവസാനിക്കാറായപ്പോള്‍ 'നമസ്കരിപ്പു ഭാരതമങ്ങേ' എന്നു തുടങ്ങുന്ന ആർ എസ് എസ് ഗാനം പാടിയ ഗായകരോട് വിപ്ലവഗാനമായ 'ബലികുടീരങ്ങളേ' കൂടി പാടണം എന്നാവശ്യപ്പെട്ട് സി പി എം പ്രവർത്തകർ രംഗത്ത് എത്തുകയായിരുന്നു.
സി പി എം പ്രവർത്തകർ സംഘടിച്ച് എത്തിയതോടെ ക്ഷേത്രം ഭാരവാഹികളുടെ ആവശ്യത്തെ തുടർന്ന് കർട്ടൻ താഴ്ത്തി. ഇതോടെ സംഘം സ്റ്റേജിലെ കർട്ടൻ വലിച്ചു കീറിയത്. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി 'ബലികുടീരങ്ങളെ' പാടണമെന്ന് സി പി എം പ്രവർത്തകർ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
അക്രമ സംഭവത്തിന് പിന്നാലെ ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി തിരുവല്ല പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. അതേസമയം, അക്രമം നടക്കുമ്പോള്‍ തിരുവല്ല സ്റ്റേഷനിൽ നിന്നും എത്തിയ എസ്.ഐ ഉൾപ്പടെ പത്തോളം പൊലീസുകാർ കാഴ്ചക്കാരായി നിന്നുവെന്നും ആരോപണമുണ്ട്.
Vastu Tips For Money: കുളികഴിഞ്ഞാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, ചെയ്താല്‍ പണ നഷ്ടം












Click it and Unblock the Notifications