പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറില്‍, രോഗികളെ ചുമന്ന് താഴെയിറക്കി; വന്‍ ദുരിതം
പത്തനംതിട്ട: ലിഫ്റ്റ് തകരാറിലായതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രോഗികള്‍ വന്‍ ദുരിതത്തില്‍. ആശുപത്രിയില്‍ രോഗികളെ ചുമന്ന് താഴെ ഇറക്കുകയാണ് ജീവനക്കാര്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ മണ്ഡലത്തിലാണ് രോഗികള്‍ ഈ ദുരിതം അനുഭവിക്കുന്നത്. രോഗികളെ മുകള്‍ നിലയില്‍ നിന്നും തുണിയില്‍ ചുറ്റിയാണ് താഴത്തെ നിലയില്‍ എത്തിച്ചത്.
മുളങ്കമ്പുകള്‍ തുണിയില്‍ കെട്ടിയുണ്ടാക്കിയതാണ് സ്‌ട്രെച്ചര്‍ രൂപേണയാക്കിയത്. രോഗികളെല്ലാം കടുത്ത ബുദ്ധിമുട്ടിലാണ്. എല്ലാവര്‍ക്കും നിരവധി പരാതികളാണ് ഉന്നയിക്കാനുള്ളത്. അതേസമയം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഈ അവസ്ഥ പരിശോധിക്കാം എന്ന് മാത്രമാണ് ആരോഗ്യ മന്ത്രി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസത്തിലേറെയായി ലിഫ്റ്റ് തകരാറിലാണെന്നും, ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തില്‍ തുണി സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കൊണ്ടുപോകുമ്പോള്‍ രോഗി താഴെ വീഴുന്ന അവസ്ഥയുണ്ടായെന്നും ആരോപണമുണ്ട്.
സര്‍ജറി കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെയാണ് ജീവനക്കാര്‍ ചുമന്ന് താഴേക്കിറക്കുന്നത്. ദിവസങ്ങളായി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാര്‍ പറയുന്നു. ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആശുപത്രിയുടേത് പഴയ കെട്ടിടമായതിനാല്‍ റാംപ് സൗകര്യവുമില്ല. അതീവ ഗുരുതര സാഹചര്യമാണ് ആശുപത്രിയിലുള്ളത്. എന്നിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
ആശുപത്രിയുടെ മൂന്നാം നിലയിലാണ് ഓപ്പറേഷന്‍ തിയേറ്ററുള്ളത്. അടിയന്തരമായി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിക്കേണ്ട രോഗികളെയും ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുന്ന രോഗികളെയും എടുത്ത് കൊണ്ടുപോവുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ദിവസങ്ങളായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെ ചുമന്ന് അതാത് വാര്‍ഡുകളിലും മറ്റും എത്തിക്കുന്നതെന്നാണ് പരാതി. ഓപ്പറേഷന്‍ കഴിഞ്ഞ രോഗികള്‍ക്ക് സ്‌കാനിങ്, എക്‌സ്‌റേ എന്നിവ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാന്‍ മറ്റുവഴിയില്ല.
പത്തനംതിട്ട ജില്ലയിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണിത്. അതുകൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പന്ത്രണ്ടാം തിയതിയാണ് ലിഫ്റ്റ് തകരാറിലായതെന്ന് ജീവനക്കാര്‍ പറയുന്നു. രോഗികളെ ചുമന്നുമാറ്റാന്‍ ആശുപത്രിയിലെ ഒട്ടേറെ ജീവനക്കാരുടെ സഹായം ആവശ്യമാണ്. എന്നാല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ ഇല്ലെങ്കില്‍ ഇവര്‍ വരുന്നത് വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
പലപ്പോഴും രോഗികളെ താഴെയെത്തിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം കൂട്ടിരിപ്പുകാര്‍ കൂടി സഹായിക്കാറുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതരില്‍ നിന്ന് നടപടിയുണ്ടായില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ തുണിയില്‍ കെട്ടിയ രോഗി താഴെ വീണ വിവരം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.












Click it and Unblock the Notifications