കുന്നുകൂടി നാണയങ്ങള്‍, എണ്ണാന്‍ യന്ത്രങ്ങള്‍, കൂടുതല്‍ ജീവനക്കാര്‍; ശബരിമലയില്‍ ഇത്തവണ റെക്കോഡ് വരുമാനം
പത്തനംതിട്ട: ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയില്‍ ലഭിച്ചത് റെക്കോഡ് വരുമാനമെന്ന് സൂചന. ശബരിമലയില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത അത്രത്തോളം നാണയങ്ങള്‍ ഭണ്ഡാരത്തില്‍ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ഭണ്ഡാരം കെട്ടിടത്തിന്റെ മൂന്ന് ഭാഗത്തായിട്ടാണ് നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുന്നത്. മണ്ഡല കാലം മുതലുള്ള നാണയങ്ങള്‍ ഇതില്‍ ഉണ്ട് എന്നാണ് വിവരം.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ത്ഥാടന സീസണായിരിക്കും ഇത് എന്ന് നേരത്തെ തന്നെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കൊവിഡ് കാലത്തെ രണ്ട് വര്‍ഷത്തെ അടച്ചിടലിന് ശേഷം ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ഭക്തരെ പ്രവേശിപ്പിച്ച വര്‍ഷമായിരുന്നു ഇത്. അതിനാല്‍ തന്നെ അഭൂതപൂര്‍വമായ തിരക്കിന് ആണ് സന്നിധാനം ഇത്തവണ സാക്ഷ്യം വഹിച്ചത്.

ജനുവരി 12 വരെ ഉള്ള കണക്കുകള്‍ പ്രകാരം 310.40 കോടി രൂപയാണ് ശബരിമലയിലെ വരുമാനം. മകരവിളക്കിനോട് അനുബന്ധിച്ച് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയ 13, 14, 15 തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് ഇപ്പോള്‍ എണ്ണാന്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം വരുമാനം 315.46 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ധനലക്ഷ്മി ബാങ്കില്‍ നിന്ന് ആറ് ചെറിയ യന്ത്രവും ഒരു വലിയ യന്ത്രവും നോട്ട് എണ്ണുന്നതിനായി എത്തിച്ചിട്ടുണ്ട്. എന്നിട്ടും ഇത് എണ്ണിതീരാറായിട്ടില്ല. കാണിക്ക എണ്ണാന്‍ വേണ്ടി അന്നദാന മണ്ഡപത്തിലെ ഒരു മുറി കൂടി ഇന്നലെ തുറന്ന് കൊടുത്തിരിക്കുകയാണ്. കാണിക്ക എണ്ണാന്‍ കൂടുതല്‍ ജീവനക്കാരേയും എത്തിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നായി 60 ജീവനക്കാരെ ആണ് എത്തിച്ചിരിക്കുന്നത്.

അതേസമയം കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എണ്ണണോ അതോ തൂക്കണോ എന്ന സംശയത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥര്‍. ഒരേ മൂല്യമുള്ള നാണയങ്ങള്‍ ഭാരം കുറഞ്ഞതും കൂടിയതും ഉണ്ട്. അതിനാല്‍ നാണയങ്ങള്‍ എണ്ണുന്നതിന് പകരം തൂക്കി നോക്കി തിട്ടപ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡിന് നഷ്ടം ഉണ്ടാക്കും എന്നന് 2019 ല്‍ തന്നെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്.

ദേവസ്വം ബോര്‍ഡ് നാണയങ്ങള്‍ തൂക്കി എടുക്കുന്നതിന് അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സോപാനത്ത് ഇടുന്ന കാണിക്ക കണ്‍വയര്‍ ബെല്‍റ്റു വഴി പണം എണ്ണുന്ന ഭണ്ഡാരത്തില്‍ എത്തും. പുതിയ ഭണ്ഡാരത്തിലേക്കുള്ള കണ്‍വയര്‍ ബെല്‍റ്റില്‍ കറന്‍സി നോട്ടുകള്‍ ഞെരുങ്ങി കീറിപ്പോയ സംഭവമുണ്ടായിരുന്നു. തീര്‍ത്ഥാടകരുടെ തിരക്കില്‍ സോപാനത്തെ വലിയ ചെമ്പില്‍ ഭക്തര്‍ അര്‍പ്പിച്ച കാണിക്കയും കിഴിക്കെട്ടുകളും കുമിഞ്ഞു കൂടിയത് മൂലമായിരുന്നു കണ്‍വെയര്‍ ബെല്‍റ്റില്‍ ഞെരുങ്ങി നോട്ടുകള്‍ കീറിയത്.

സമാനമായി ഭക്തര്‍ കാണിപ്പണമായി ഇരുമുടിക്കെട്ടില്‍ കൊണ്ട് വരുന്ന പണവും നശിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ വെറ്റില, അടയ്ക്ക് എന്നിവക്കൊപ്പാണ് കാണിപ്പണവും ചേര്‍ത്ത് വെക്കുന്നത്. ചെറിയ തുകയാണ് കാണിപ്പണമായി വെക്കാറുള്ളത്. അതിനാല്‍ ഇത് മിക്കപ്പോഴും എണ്ണിതിട്ടപ്പെടുത്താന്‍ വൈകാറുണ്ട്. അതിനാല്‍ വെറ്റിലയ്ക്കും അടയ്ക്കക്കുമൊപ്പം അഴുകി നോട്ടുകള്‍ ജീര്‍ണിക്കാറുണ്ട്.












Click it and Unblock the Notifications