അയ്യപ്പ ഭക്തരെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; നാളെ നട തുറക്കും; വെര്‍ച്വല്‍ ബുക്കിംഗ് നിര്‍ബന്ധം
പത്തനംതിട്ട: ഈ വര്‍ഷത്തെ മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ വൈകീട്ട് അഞ്ച് മണിയോടെയാണ് നട തുറക്കുക. വൃശ്ചികം ഒന്നായ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡലകാലം. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും.

തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കല്‍ ചടങ്ങുകളും 16 ന് വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല -- മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും.

പിന്നീട് തന്ത്രി കണ്ഠരര് രാജീവരര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി,തിരുനട അടച്ച ശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും.

17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉല്‍സവ കാലം. മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല ക്ഷേത്ര തിരുനട 30.12.2022 ന് തുറക്കും.2023 ജനുവരി 14 ന് ആണ് മകരവിളക്ക്. തീര്‍ത്ഥാടനം ജനുവരി 20 ന് അവസാനിക്കും. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വിവിധ ജില്ലകളില്‍ 13 കേന്ദ്രങ്ങളായി 24 മണിക്കൂറും സ്‌പോട്ട് ബുക്കിംഗ് സംവിധാനമുണ്ടാകും. എരുമേലി വഴിയാണ് തീര്‍ത്ഥാടനം അനുവദിക്കുക. കൊവിഡ് ഭീതി ഒഴിഞ്ഞതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പരിധി ഒഴിവാക്കും. സന്നിധാനത്ത് അരവണ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളം, വിരി വയ്ക്കാനുള്ള സകൗര്യം, അന്നദാന വിതരണം, ശുചിമുറി സൗകര്യം, താമസിക്കാനുള്ള മുറികള്‍ എല്ലാം സജ്ജമാണ്.

15 സീറ്റിന് താഴെയുള്ള വാഹനം പമ്പയിലേക്ക് കടത്തിവിടും. എന്നാല്‍ അവിടെ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. കെ എസ് ആര്‍ ടി സി 500 ബസ് സര്‍വീസ് നടത്തും. കൂട്ടമായി എത്തുന്നവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ രണ്ടാം ഘട്ട ക്ലീനിംഗ് നടത്തിയിരുന്നു.

അതേസമയം, ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിനു ശേഷമുള്ള തീര്‍ഥാടനമായതിനാല്‍ തീര്‍ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പോലീസുകാരെ വിന്യസിക്കും. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് പോലീസ് രൂപം നല്‍കിയിരിക്കുന്നത്.

സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേക സുരക്ഷാ മേഖലയായി തിരിച്ചിരിക്കുന്ന 11 സ്ഥലങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകും. തങ്ക അങ്കി ഘോഷയാത്ര, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ പോലീസിനെ വിന്യസിക്കും.












Click it and Unblock the Notifications