ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം: വരുമാനം 151 കോടി
പത്തനംതിട്ട: ശബരിമലയില്‍ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം സമാപിച്ചു. തീർത്ഥാടന കാലം പൂർത്തിയാക്കി അടച്ച ശബരിമല ക്ഷേത്രം ഇനി കുംഭമാസ പൂജകള്‍ക്ക് വേണ്ടിയാവും തുറക്കുക. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12-ന് വൈകീട്ട് അഞ്ചിന് നടതുറക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ അവസാന ദിനമായ ഇന്നലെ പുലര്‍ച്ചെ 5.15-ന് ഗണപതിഹോമത്തിനുശേഷം രാജപ്രതിനിധി സന്നിധാനത്ത് എത്തി ദർശനം നടത്തി.
തുടർന്ന് മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നെയ്ത്തിരിയണച്ച് ശ്രീകോവിലടച്ച് താക്കോല്‍ രാജപ്രതിനിധിക്ക് കൈമാറിയതോടെ തീർത്ഥാടനകാലം ആചാരപരമായി പൂർത്തിയായി. തുടർന്ന് തിരുവാഭരണവുമായി പേടകവാഹകരും രാജപ്രതിനിധിയും പതിനെട്ടാംപടിയിറങ്ങി. പടിയിറങ്ങി താഴെയിത്തിയ ശേഷം താക്കോല്‍ മേല്‍ശാന്തിക്ക് തന്നെ തിരികെ കൈമാറി. തിരുവാഭരണ വാഹക സംഘം ഞായറാഴ്ച പന്തളം കൊട്ടാരത്തിലെത്തും. കാല്‍നടയായിട്ടാണ് ഇവർ പുറപ്പെട്ടത്.

നവംബറില്‍ തീര്‍ഥാടനം ആരംഭിക്കുമ്പോള്‍ നിറയെ ആശങ്കയായിരുന്നു ഭക്തർക്കും തീർത്ഥാടകർക്കും ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം തന്നെയായിരുന്നു പ്രധാന ആശങ്ക. നിയന്ത്രണങ്ങളോടെയെങ്കിലും എല്ലാം പഴയ രീതിയില്‍ കൊണ്ടുവരാന്‍ ദേവസ്വം ബോർഡിനും സർക്കാറിനും സാധിച്ചു. തീര്‍ഥാടന കാലയളവില്‍ ദര്‍ശനത്തിനെത്തിയത് 21,36,551 തീര്‍ഥാടകരെന്നാണ് കണക്കാക്കുന്നത്. പമ്പാ സ്‌നാനത്തിനും നെയ്യഭിഷേകത്തിനും ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെ ആരംഭിച്ച തീർത്ഥാടന കാലത്തിന് പിന്നീട് ഘട്ടം ഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കിയ ഡിസംബര്‍ മാസം മുതല്‍ ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതല്‍ തീർത്ഥാടകരെത്തി.
ഓണ്‍ലൈന്‍ ബുക്കിങ്ങിനൊപ്പം സ്‌പോട്ട് ബുക്കിങ്ങും ഏര്‍പ്പെടുത്തിയത് ഭക്തർക്ക് അനുഗ്രഹമായി. ആകെ 151 കോടിരൂപയാണ് ശബരിമലയിലെ ഇപ്രാവശ്യത്തെ വരുമാനം. ഇതില്‍ 59.75 കോടിരൂപയും ലഭിച്ചത് അരവണ വില്‍പ്പനയിലൂടെയാണ്. അപ്പം വിറ്റുവരവായി ഏഴ് കോടി രൂപയും ലഭിച്ചു. കാണിക്കയിനത്തില്‍ 61.25 കോടിയും ലഭിച്ചു. അതേസമയം 20 ദിവസത്തെ മകരവിളക്ക് മഹോത്സവത്തിന് മാത്രം ആകെ ചിലവ് 66.40 കോടിരൂപയാണ്. 2019-20 കാലയളവില്‍ 269.37 കോടി രൂപയായിരുന്നു ആകെ വരുമാനം. സമീപകാലത്തെ ഉയർന്ന് വരുമാനങ്ങളിലൊന്നാണ് ഇത്.
വലിയ പരാതിയും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതെ പ്രധാന തീർത്ഥാടനകാലം പൂർത്തിയാക്കാന്‍ കഴിഞ്ഞത് ദേവസ്വം ബോർഡിനും ആശ്വാസമായി. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മകര വിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കള്‍ ശബരിമലയില്‍ നേരിട്ടെത്തെ വിലയിരുത്തകുയം ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഇളവവ് പ്രഖ്യാപിച്ചതോടെ നിരവധി പ്രമുഖരും ഇത്തവണ ശബരിമല ദർശനത്തിന് എത്തി.
ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍












Click it and Unblock the Notifications