മയക്ക് വരുന്ന് കേസിലെ പ്രതി ഒരു വർഷം കരുതല്‍ തടങ്കലില്‍: പത്തനംതിട്ടയില്‍ ഇത് ആദ്യം

പത്തനംതിട്ട: മയക്ക് മരുന്ന് കേസുകളിലെ നടപടികള്‍ ശക്തമാക്കി പത്തനംതിട്ട പൊലീസ്. മയക്ക് മരുന്ന കേസുകളില്‍ അകപ്പെട്ട പ്രതിയെ കരുതല്‍ തടങ്കലിലാക്കി പൊലീസ് നടപടി ക്രമങ്ങളുടെ പുതിയ തലത്തിലേക്ക് കടക്കുകയും ചെയ്തു. ഇത്തരമൊരു സംഭവം ജില്ലയില്‍ ഇതാദ്യമാണ്. മയക്കുമരുന്നുകടത്തുകാരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള, മയക്കു മരുന്നുകളുടേയും ലഹരി വസ്തുക്കളുടേയും അനധികൃത കടത്തു തടയല്‍ നിയമം 1988 (പി ഐ ടി എന്‍ ഡി പി എസ്) പ്രകാരമാണ് ജില്ലയിലെ ആദ്യ കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കിയത്.
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അടൂര്‍പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് ഭവദാസന്‍ മുക്ക് തടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ജമാലിന്റെ മകന്‍ ഷാനവാസാണ്(29) കരുതല്‍ തടങ്കലിലായത്. ഒരു വര്‍ഷത്തേക്കാണ് തടങ്കല്‍ കാലാവധി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കരുതല്‍ തടങ്കല്‍ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഇയാള്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ 2 കഞ്ചാവ് കേസിലും ,ഏനാത്ത് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിലും പ്രതിയായി വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ജില്ലയില്‍ രണ്ടില്‍ കൂടുതല്‍ മയക്കു മരുന്ന് കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികളെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു.












Click it and Unblock the Notifications