യുഡിഎഫിന് തിരിച്ചടി, പാർട്ടി വിട്ട് വിക്ടർ ടി തോമസ്: ബിജെപിയിലേക്ക്? ജോസഫ് ഗ്രൂപ്പ് വെറും കടലാസില്‍
പത്തനംതിട്ട: യു ഡി എഫിന് കനത്ത തിരിച്ചടി നല്‍കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് പാർട്ടി പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. യു ഡി എഫ് ജില്ലാ ചെയർമാന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഈ പദവിയും വിക്ടർ രാജിവെച്ചിട്ടുണ്ട്. പത്തനംതിട്ട പ്രസ് ക്ലബിൽ ചേർന്ന യോഗത്തിലാണ് വിക്‌ടർ ടി തോമസ് രാജി കാര്യം അറിയിച്ചത്. കേരള കോണ്‍ഗ്രസ് പാർട്ടിക്കെതിരേയും യു ഡി എഫ് മുന്നണിക്കെതിരേയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായെന്നും യുഡിഎഫിൽ ഘടക കക്ഷികൾക്ക് യാതൊരുപ്രാധാന്യവും ലഭിക്കുന്നില്ല. രാഷ്ട്രീയ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കില്ല. മറ്റ് രാഷ്‌ട്രീയ പാർട്ടിയുമായി തുടർന്ന് മുന്നോട്ട് വരുമെന്നും അത് എതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിക്‌ടർ കൂട്ടിചേർത്തു. എല്ലാ പാർട്ടിക്കാരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് ഞാന്‍. സാധാരണ പ്രവർത്തകർക്ക് പാർട്ടിയില്‍ പ്രവർത്തിക്കാന്‍ വേണ്ടത്ര അവസരമോ പരിഗണനയോ ലഭിക്കുന്നില്ല. മുന്നണിക്ക് വേണ്ടി കുറേ ത്യാഗം സഹിച്ചു. പൊലീസ് മർദ്ദനം ഏറ്റുവാങ്ങി. എന്നിട്ടും തിരുവല്ലയില്‍ 2006 ലും 2011 ലും യു യു ഡി എഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് ഗ്രൂപ്പ് വിട്ട വിക്ടർ ബി ജെ പിയില്‍ ചേർന്നേക്കുമെന്നാണ് സൂചന. വിക്ടറുമായി ബി ജെ പി നേതൃത്വം ഇതിനോടകം തന്നെ ചർച്ച നടത്തിയതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു കാരണങ്ങളും തുറന്ന് പറയാന്‍ വിക്ടർ ഇതുവരെ തയ്യാറായിട്ടില്ല. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളെ പാർട്ടിയില്‍ എത്തിക്കാന്‍ ബി ജെ പി നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിക്ടറിന്റെ രാജിക്ക് ഏറെ പ്രധാന്യമുണ്ട്.
20 വർഷമായി കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ് വിക്ടർ. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തിരുവല്ല മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം വലിയ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications