പ്രസിഡന്റാവാന്‍ സിപിഎമ്മിനൊപ്പം ചേർന്നു: ഒടുവില്‍ ചിറ്റാർ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന് അയോഗ്യത
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ നടപടി. 2020 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായി ജയിച്ചെങ്കിലും പാർട്ടി വിപ്പ് ലംഘിച്ച് സജി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മിനൊപ്പം ചേരുകയായിരുന്നു. തുടർന്ന് സി പി എം പിന്തുണയോടെ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.
ജില്ലയിലെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സജി കുളത്തിങ്കല്‍ പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ആയിരുന്നു സജി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിറ്റാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സജി പഞ്ചായത്തില്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.

ഇതോടെയാണ് യു ഡി എഫിലേയും കോണ്‍ഗ്രസിലേയും തർക്കത്തിലേക്ക് സി പി എം കൂടി രംഗപ്രവേശനം ചെയ്യുന്നത്. സി പി എം വാഗ്ദാനം ചെയ്ത പ്രസിഡന്റ് സ്ഥാനം സജി ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് സജി സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു. ഇതോടെയാണ് സജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കോൺഗ്രസ് രക്തസാക്ഷി കെ ഇ വർഗീസിന്റെ (കുളത്തുങ്കൽ തങ്കച്ചൻ) മകനായ സജി കുളത്തിങ്കല്‍, സിപിഎമ്മിന്റെ രക്തസാക്ഷി എം എസ് പ്രസാദിന്റെ സഹോദരനും ജില്ലാ നേതാവുമായ എം.എസ് രാജേന്ദ്രനെ തോൽപ്പിച്ചായിരുന്നു ഇടതിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസിന് വേണ്ടി പിടിച്ചെടുത്തത്. ആകെ ആകെ 13 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസ് - 6, ഇടതുപക്ഷം (സി പി എം) 5, ബി ജെ പി -2എന്നിങ്ങനെയായിരുന്നു കക്ഷിനില. സജി കുളത്തിങ്കല്‍ സി പി എം പിന്തുണ തേടിയതോടെ കോണ്‍ഗ്രസിന് അഞ്ചും സി പി എമ്മിന് ആറും സീറ്റായി. പ്രസിഡന്റ് തിരഞ്ഞെുടുപ്പില്‍ ബി ജെ പി ആർക്കും പിന്തുണ നല്‍കിയില്ല.
അതേസമയം, സ്വന്തം പിതാവിന്റെ ഘാതകർ എന്ന് വിശ്വസിക്കുന്ന പാർട്ടിക്കൊപ്പം നിന്ന് കോൺഗ്രസിനെയും പ്രവര്‍ത്തകരെയും വഞ്ചിച്ച സജി കുളത്തുങ്കലിന് ലഭിച്ച ഏറ്റവും ഉചിതമായ ശിക്ഷയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ വിധിയെന്ന് കോണ്‍ഗ്രസ് ചിറ്റാര്‍ മണ്ഡലം സെക്രട്ടറി ജോർജി ജോൺ ആറ്റുപുറം പ്രതികരിച്ചു. അധികാരത്തിന്റെ അപ്പകഷ്ണത്തിന് വെച്ച് നീട്ടിയപ്പോള്‍ മഞ്ഞും മഴയും നനഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുവാന്‍ സജിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു












Click it and Unblock the Notifications