തിരുവനന്തപുരത്ത് 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നിസ്സഹകരണ സമരം; ശമ്പളം വൈകുന്നതില്‍ പ്രതിഷേധം
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ തിരുവനന്തപുരം ജില്ലയില്‍ വലിയ പ്രതിഷേധം. സംസ്ഥാനത്താകെ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ട്രിപ്പെടുക്കാതെ നിസ്സഹകരണ സമരത്തിലാണ്. രോഗികള്‍ അടക്കമുള്ളവരാണ് ഇതിലൂടെ വലഞ്ഞിരിക്കുന്നത്.
മേയ് മാസത്തെ ശമ്പളം പന്ത്രണ്ടാം തിയതിയായിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്‍രെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ബുധനാഴ്ച്ചയോടെയാണ് സമരം തുടങ്ങിയത്. ഈ സമരം ശമ്പളം ലഭിക്കുന്നത് വരെ തുടരുമെന്നും ജീവനക്കാര്‍ അറിയിച്ചു. അതേസമയം ആശുപത്രികളില്‍ ആംബുലന്‍സ് സര്‍വീസ് നിലച്ചതോടെ പ്രതിസന്ധിയിലാണ്.

രോഗികള്‍ അടക്കം നേരിടുന്ന പ്രധാന പ്രശ്‌നം വിദഗ്ധ ചികിത്സയ്ക്കായി ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റാനാവാത്ത സാഹചര്യമാണ്. ഇത്തരം സേവനങ്ങള്‍ക്കായി 108 ആംബുലന്‍സാണ് ഉപയോഗിക്കുന്നത്. ഇത് രോഗികളെയും ആശുപത്രി സേവനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്.
പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. അന്‍പത് കോടിയിലേറെ രൂപ സര്‍ക്കാരില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
ഇതിലൂടെ ജീവനക്കാരെ സര്‍ക്കാരിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനിയുടേതെന്ന് സിഐടിയു ആരോപിക്കുന്നു. കമ്പനിയുമായുള്ള ശമ്പള കാര്യത്തില്‍ മുന്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതുപ്രകാരം എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നല്‍കണം.
അതേസമയം മെയ് മാസത്തിലെ ശമ്പളം മുന്നറിയിപ്പില്ലാതെയാണ് വൈകിപ്പിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. സ്‌കൂള്‍ അധ്യയന വര്‍ഷം ഉള്‍പ്പെടെ ആരംഭിച്ചതിനാല്‍ ശമ്പളം വൈകുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂനിയന്‍ ആരോപിച്ചു.
108 ആംബുലന്‍സുകളുടെ സേവനം ഭാഗികമായി നിലച്ചതോടെ ആശുപത്രികളില്‍ നിന്നുള്ള ഐഎഫ്ടി കേസുകള്‍ക്ക് ഇപ്പോള്‍ മറ്റ് സ്വകാര്യ ആംബുലന്‍സുകള്‍ തേടേണ്ടി വരും. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നാണ് നിര്‍ദേശം.
ശമ്പള കാലതമാസം മുന്‍കൂട്ടി അറിയിച്ചതാണെന്നും, ജനങ്ങളുടെ അവശ്യസേനങ്ങള്‍ തടയുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും കമ്പനി അധികൃതര്‍ യൂനിയന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ മാസങ്ങളില്‍ കാലതാമസം ഇല്ലാതെ നല്‍കിയതാണെന്നും മേയ് മാസത്തെ ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. മറ്റ് ആരോപണങ്ങളോടൊന്നും കമ്പനി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications