'ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ഞാനറിഞ്ഞിരുന്നില്ല', ശംഖുമുഖം എസിപിയുടെ കണ്ണ് നനയിക്കുന്ന കുറിപ്പ്
തിരുവനന്തപുരം: കേശവദാസപുരത്തെ വീട്ടമ്മയായ മനോരമയുടെ കൊലപാതകം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്. പ്രതിയായ ആദം അലിയെ ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതി മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ താഴ്ത്തുകയായിരുന്നു.
മനോരമയുടെ മരണവുമായി ബന്ധപ്പെട്ട് ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശംഖുമുഖം എസിപിയായ ഡികെ പൃഥ്വിരാജ് രജത്ത്. തന്റെ മുന്‍സഹപ്രവര്‍ത്തകയാണ് എന്ന് അറിയാതെ ആയിരുന്നു മനോരമയുടെ ശരീരം പുറത്ത് എടുത്തതും മറ്റ് നടപടികളിലേക്ക് വിട്ടതുമെന്ന് അദ്ദേഹം വേദനയോടെ കുറിക്കുന്നു.

എസിപി ഡികെ പൃഥ്വിരാജ് രജത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ' കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം എസിപി ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷൻ്റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.

രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല... സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണൻ്റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്.

എസ് ഐ ആകുന്നതിന് മുമ്പ് 6 വർഷം കോളെജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും... 2003 ൽ ഡിസി ഓഫീസിൽ നിന്നു പോലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല..

കാലമേല്പിച്ച ഓർമ്മക്ഷതങ്ങളാണോ... നിർവ്വഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവ്വികാരത കൊണ്ടാണോ.... ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതു കൊണ്ടാണോ... മനപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാരമായ തെറ്റ് തന്നെയാണ്. മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ... മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്. അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട്അനുശോചനം അറിയിച്ചിരുന്നു. ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ, അശ്രു പൂക്കളർപ്പിക്കുന്നു'.












Click it and Unblock the Notifications