തിരുവനന്തപുരത്ത് പിറന്നാൾ ആഘോഷം ചോരക്കളമായി; അഞ്ച് പേർക്ക് കുത്തേറ്റു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. കഴക്കൂട്ടത്ത് ബിയർ പാർലറിലാണ് സംഭവം. സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് ഇന്നലെ കുത്തേറ്റത്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ടെക്നോപാർക്കിന് എതിർവശത്തെ ബി6 ബിയർ പാർലറിലാണ് അക്രമം നടന്നത്.

കുത്തേറ്റ ഷാലുവിന് ശ്വാസകോശത്തിലും സൂരജിന് കരളിനുമാണ് പരുക്ക് പറ്റിയത്. പരുക്ക് സരമായുള്ളതായതിനാൽ ഇരുവരെയും ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ് ഇപ്പോഴും.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ ഉൾപ്പെട്ട ആളുകളുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കും. മദ്യലഹരിയിൽ ഉണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു എന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരാണ് ഇപ്പോൾ പിടിയിലായത്. കഴക്കൂട്ടം പോലീസാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
തിരുവനന്തപുരത്തെ ഏറ്റവും ആഡംബരവും, അതിവേഗം വളരുകയും ചെയ്യുന്ന മേഖലകളിൽ ഒന്നായ കഴക്കൂട്ടത്ത് നടന്ന സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി ഐടി കമ്പനികളും, ടെക്‌നോ പാർക്കും സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ അർധരാത്രി വരെ ആഘോഷങ്ങൾ നടക്കാറുണ്ട്.












Click it and Unblock the Notifications