മനുഷ്യര്‍ എന്താണ് ഇങ്ങനെ; ജസ്റ്റിസ് ഫോര്‍ ബ്രൂണോ, അടിമലത്തുറയില്‍ നായയെ അടിച്ചുകൊന്ന സംഭവത്തില്‍ താരങ്ങള്‍
തിരുവനന്തപുരം: അടിമലത്തുറയില്‍ വളര്‍ത്തു നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി അടുച്ചുകൊന്ന സംഭവം കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിച്ചുകൊന്ന നായയെ ഇവര്‍ കെട്ടിവലിച്ച് കടലില്‍ താഴ്ത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇപ്പോഴിതാ മൂന്ന് യുവാക്കളുടെ ഈ ക്രൂരകൃത്യത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സിനിമ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്തും നസ്‌റിയ നാസിം അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തി.
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

അടിമലത്തുറ സ്വദേശിയായ സോണിയയുടെ വീട്ടില്‍ വളര്‍ത്തുന്ന നായയാണ് ബ്രൂണോ എന്ന പേരുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ. തിങ്കളാഴ്ച രാവിലെയോടെ മൂന്ന് യുവാക്കള്‍ നായയെ ചൂണ്ടയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അടിമലത്തുറ സ്വദേശികളായ സുനില്‍ (22), സില്‍വര്‍സ്റ്റര്‍ (20), ഒപ്പമുണ്ടായിരുന്നു 17കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

സോണിയയുടെ സഹോദരനായ ക്രിസ്തുരാജയാണ് ബ്രൂണോയെ പരിപാലിച്ചിരുന്നത്. അറസ്റ്റിലായ സുനിലിന്റെ മീന്‍പിടിത്ത വള്ളത്തിന് സമീപത്താണ് ബ്രൂണ പലപ്പോഴും കിടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സുനില്‍ സോണിയയുടെ വീട്ടുകാരോട് വഴത്തുണ്ടാക്കുമായിരുന്നു. നായ വള്ളത്തിനടിയില്‍ കിടന്നതിനെ തുടര്‍ന്ന് സുനില്‍ ഒരാഴ്ച്ച മുമ്പ് സോണിയയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു.

പിന്നാലെ സ്രാവിനെ പിടിക്കുന്ന ചൂണ്ട ഉപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. അന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ചൂണ്ടയിളക്കി നായയെ വിട്ടത്. എന്നാല്‍ അന്ന് നായയ്ക്ക് വലിയ മുറിവേറ്റിരുന്നു. ഈ തിങ്കളാഴ്ചയും നായ കെട്ടഴിച്ച് വള്ളത്തിനടിയില്‍ പോയി കിടന്നുറങ്ങി.

ഇതേ തുടര്‍ന്ന് സുനില്‍ ചൂണ്ട ഉപയോഗിച്ച് നെഞ്ചത്ത് കെട്ടി വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നു. ചത്ത ബ്രൂണോയെ അതേ ചൂണ്ട ഉപയോഗിച്ച് വലിച്ച് കെട്ടി കടലില്‍ താഴ്ത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന 17കാരന്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രൂണോയെ അടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സിനിമ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്തും നസ്‌റിയ നാസിം എന്നിവര്‍ പ്രതികരിച്ചിരുന്നു. ബ്രൂണോയ്ക്ക് നീതി ലഭിക്കണമെന്നാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. മനുഷ്യര്‍ എന്താണ് ഇങ്ങനെയെന്നും നസ്‌റിയ പങ്കുവച്ച സ്റ്റോറിയില്‍ ചോദിക്കുന്നു.
Recommended Video
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications