പിണറായിയോട് പോര്, വിഎസിന് പൊന്നാട, വിഎസ് അച്യുതാനന്ദനെ കാണാൻ വീട്ടിലെത്തി ഗവർണർ
തിരുവനന്തപുരം: ഒരു വശത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി തുറന്ന അങ്കത്തിലേര്‍പ്പെട്ടിരിക്കേ, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍. തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദന്‍ തന്റെ തൊണ്ണൂറ്റിയൊന്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. വിഎസ്സിന് പിറന്നാള്‍ ആശംസിക്കാനാണ് വൈകിയെങ്കിലും ഗവര്‍ണര്‍ എത്തിയത്.
ഇക്കഴിഞ്ഞ 20ാം തിയ്യതിയാണ് വിഎസ് അച്യുതാനന്ദന് 99 വയസ്സ് തികഞ്ഞത്. അന്ന് ഗവര്‍ണര്‍ ദില്ലിയിലായിരുന്നത് കൊണ്ട് വിഎസിനെ നേരിട്ട് കാണാനെത്താനായിരുന്നില്ല. അതേസമയം പിറന്നാളിന് വിഎസിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് ഗവര്‍ണര്‍ ആശംസ അറിയിച്ചിരുന്നു. പിഎംജിയില്‍ ലോ കോളേജിന് അടുത്ത് മകന്‍ അരുണ്‍ കുമാറിന്റെ വീട്ടില്‍ വിഎസ് അച്യുതാനന്ദന്‍ പൂര്‍ണ വിശ്രമത്തിലാണ്.

ഡോക്ടര്‍മാര്‍ക്കും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് വിഎസിനെ നേരിട്ട് കാണാന്‍ സാധിക്കുന്നത്. സന്ദര്‍ശകര്‍ക്ക് അനുമതി ഇല്ലാത്തത് കാരണം പിറന്നാള്‍ ദിനത്തിലും പ്രമുഖര്‍ അടക്കമുളളവര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് വിഎസിനുളള ആശംസ അറിയിച്ച് മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഗവര്‍ണര്‍ വിഎസ്സിന്റെ വസതിയില്‍ എത്തിയത്. വിഎസ്സിന് വേണ്ടി ഗവര്‍ണര്‍ പൂച്ചെണ്ടും പൊന്നാടയും അടക്കം കയ്യില്‍ കരുതിയിരുന്നു.
Pimples: മുഖക്കുരു മാറ്റാന്‍ വെളുത്തുള്ളി മതി..ഇതാ സിംപിള്‍ ടിപ്‌സ്..
വിഎസിന്റെ ഭാര്യയും മകന്‍ വിഎ അരുണ്‍ കുമാറും അടക്കമുളളവര്‍ ഗവര്‍ണറെ സ്വീകരിച്ചു. വിഎസിന്റെ ഭാര്യയ്ക്ക് ഗവര്‍ണര്‍ പൂച്ചെണ്ടും പൊന്നാടയും കൈമാറി. വിഎസിന്റെ ആരോഗ്യകാര്യങ്ങള്‍ അടക്കമുളള വിവരങ്ങള്‍ കുടുംബാംഗങ്ങളോട് ഗവര്‍ണര്‍ ആരാഞ്ഞു. പത്ത് മിനുറ്റോളം വിഎസിന്റെ കുടുംബത്തോടൊപ്പം ചിലവിട്ടതിന് ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്. ഗവര്‍ണര്‍ വീട്ടിലെത്തിയതിന്റെ ചിത്രം വിഎ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications