5 വര്‍ഷം ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം
തിരുവനന്തപുരം: കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറയിന്‍കീഴ് വക്കത്ത് ആണ് സംഭവം. വക്കം ചെറിയ പള്ളിയ്ക്ക് സമീപം കൊന്നക്കുട്ടം വീട്ടില്‍ സലാഹുദ്ദീന്റെ കിണറ്റില്‍ ആണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തോളമായി ഇവിടെ ആള്‍താമസമില്ല. ഒരു ഏക്കറോളം വിസ്തീര്‍ണ്ണമുള്ള പറമ്പാണ് ഇത്. രണ്ട് ദിവസം മുന്‍പാണ് ഈ പറമ്പില്‍ തെങ്ങിന്‍ തൈകള്‍ നടാന്‍ തുടങ്ങിയത്. ഇതിനിടെയാണ് കിണര്‍ നശിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ പുത്തന്‍നട സ്വദേശി കുട്ടപ്പനെ കിണര്‍ വൃത്തിയാക്കാന്‍ സ്ഥലം ഉടമ ചുമതലപ്പെടുത്തി. കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറില്‍ നിന്നും അസ്ഥികൂടം മുഴുവനും പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് ജോലിക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. കിണര്‍ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിന് ഇടയിലാണ് തലയോട്ടി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങള്‍ കിണറിന് സമീപം കുഴിച്ചിടുകയായിരുന്നു.

പിന്നീടാണ് കടയ്ക്കാവൂര്‍ പൊലീസില്‍ കിണറില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ വിവരം അറിയിച്ചത്. പൊലീസ് സംഘം സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരത്തോടെ സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിക്കുകയും ചെയ്തു. അസ്ഥികൂടത്തിനു പുറമേ ഇവിടെ നിന്ന് ഒരു ഷര്‍ട്ടും മുണ്ടും കണ്ടെത്തിയിട്ടുണ്ട്.
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും തിരിച്ചറിയല്‍ രേഖയും കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം. വര്‍ക്കല ഡി വൈ എസ് പി പി നിയാസിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. രാത്രിയോടെ തന്നെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിശദമായ ഫോറെന്‍സിക് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
കിടിലന്‍ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് പ്രയാഗ; വൈറല്‍ ചിത്രങ്ങള്‍
കഴിഞ്ഞ ദിവസം വടുതലയില്‍ റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരുന്നു. വടുതല ഡോണ്‍ബോസ്‌ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു തലയോട്ടിയും അസ്ഥികളും കണ്ടത്. സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. ഫോറന്‍സിക് സംഘം അസ്ഥികൂടം പരിശോധിച്ചിരുന്നു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തില്‍ ഏറെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications