സുരേന്ദ്രനോട് പൊരുതി നേടിയ കഴക്കൂട്ടം, എന്നിട്ടും എട്ട് നിലയില്‍ പൊട്ടി ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: ബിജെപിയില്‍ വലിയ കലാപമുണ്ടാക്കി ശോഭാ സുരേന്ദ്രന്‍ നേടിയ സീറ്റായിരുന്നു കഴക്കൂട്ടം. ശോഭയ്ക്ക് സീറ്റ് നല്‍കുമോ എന്ന് പോലും സംശയിച്ചിരുന്നു സമയം. ബിജെപിയിലെ മുരളീധര വിഭാഗത്തോട് ഇടഞ്ഞ് പാര്‍ട്ടിയിലെ പരിപാടികള്‍ക്കൊന്നും വരാതെ അവര്‍ മാറിയിരിക്കുകയായിരുന്നു. എന്നാല്‍ ആര്‍എസ്എസില്‍ ഇത് ചര്‍ച്ചയായി. ദേശീയ നേതൃത്വം ഇത് വളരെ ഗൗരവത്തിലെടുത്തു. അങ്ങനെയാണ് കഴക്കൂട്ടം സീറ്റ് ശോഭയ്ക്ക് കിട്ടുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ കടകംപ്പള്ളി സുരേന്ദ്രനോട് എട്ട് നിലയില്‍ പൊട്ടിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ശബരിമല വിഷയവും ആചാര സംരക്ഷണവും ഉയര്‍ത്തി മണ്ഡലം ശോഭ പിടിക്കുമെന്ന് വരെ പറഞ്ഞ സര്‍വേകളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തിരഞ്ഞെടുപ്പ് ഗോദയില്‍ കണ്ടില്ല. ശബരിമല കാര്യമായി ഏശിയില്ല. കടകംപ്പള്ളിയുടെ ഭൂരിപക്ഷം ഇരട്ടിയായി. 19680 വോട്ടിനാണ് കടകംപള്ളി കഴക്കൂട്ടത്ത് മുന്നിട്ട് നില്‍ക്കുന്നത്. ശോഭയ്‌ക്കൊപ്പം കോണ്‍ഗ്രസ് ആരോഗ്യ മന്ത്രിയാക്കുമെന്ന് പറഞ്ഞ എസ്എസ് ലാലും നല്ല അസ്സലായി തോറ്റു. ശോഭയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ ഇനി വരാന്‍ പോകുന്നത് വെല്ലുവിളിയുടെ നാളുകളാണ്. സുരേന്ദ്രനോട് ജയിക്കണമെങ്കില്‍ കഴക്കൂട്ടത്ത് ഒരു വിജയം വേണമായിരുന്നു. അത് പക്ഷേ ഇല്ലാതായിരിക്കുകയാണ്.
Recommended Video
പാര്‍ട്ടിക്കുള്ളില്‍ ശേഭയുടെ പോരാട്ടത്തെയും ഇത് ദുര്‍ബലമാക്കും. നേരത്തെ വി മുരളീധരന്‍ മത്സരിച്ചപ്പോള്‍ കടുത്ത പോരാട്ടം കഴക്കൂട്ടത്ത് നടന്നിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നിട്ടും മണ്ഡലം കൈവിട്ടതിന്റെ പഴിയും ശോഭയ്ക്കുണ്ടാവും. അതേസമയം തന്നെ പ്രചാരണത്തില്‍ സുരേന്ദ്രന്‍ വിഭാഗം വിട്ടുനിന്നത് ആര്‍എസ്എസില്‍ അടക്കം ചര്‍ച്ചയായിരുന്നു. അതുകൊണ്ട് ആര്‍എസ്എസ് നേരിട്ട് പ്രചാരണം ഏറ്റെടുത്തിരുന്നു. സംസ്ഥാന നേതൃത്വത്തെ മറികടന്ന് കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശോഭ കഴക്കൂട്ടത്ത് മത്സരിക്കാനെത്തിയത്. വി മുരളീധരന്‍ ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹവുമുണ്ടായിരുന്നു.
കേന്ദ്ര നേതൃത്വം താല്‍പര്യപ്പെടാത്തത് കൊണ്ടാണ് മുരളീധരന്‍ കേരളത്തിലേക്ക് വരാതിരുന്നത്. നേരത്തെ വി മുരളീധരന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ് വിട്ടുവരുന്ന ഉന്നത നേതാവിനെ മത്സരിപ്പിക്കുമെന്നൊക്കെ അഭ്യൂഹമുണ്ടായിരുന്നു. ഇത് മുരളീധരന് വേണ്ടിയായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇതിന് മുകളില്‍ കയറി തീരുമാനമെടുത്തു. ന്യൂനപക്ഷ വിഭാഗത്തിന് സ്വാധീനമുള്ള കഴക്കൂട്ടത്ത് ശോഭയുടെ ശബരിമല പ്രചാരണം വന്‍ തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകള്‍ വന്‍ തോതില്‍ എല്‍ഡിഎഫിലേക്ക് എത്തി. ശബരിമല ഉന്നയിച്ച സ്ഥലത്തെല്ലാം ബിജെപി വലിയ പരാജയം തന്നെ ഏറ്റുവാങ്ങി. ഈ സാഹചര്യത്തില്‍ പ്രചാരണവും പരിശോധിക്കാന്‍ ബിജെപി തയ്യാറായേക്കും.












Click it and Unblock the Notifications