നേമത്ത് വിജയം ഉറപ്പിച്ച് ബിജെപി; വികസന പ്രവർത്തനങ്ങളുടെ ആലോചനകൾക്ക് സമിതി രൂപികരിച്ചെന്ന് കുമ്മനം
എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നേമത്ത് വിജയം ഉറപ്പിച്ചുള്ള പ്രവർത്തനങ്ങളുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്
പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ വിജയപ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് സിറ്റിങ് സീറ്റ് കൂടിയായ നേമം. സംസ്ഥാന നിയമസഭ ചരിത്രത്തിലാദ്യമായി ഒരു ബിജെപി പ്രതിനിധിയെ സഭയിലെത്തിച്ച നേമം ഇത്തവണയും തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് പാർട്ടി. എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നേമത്ത് വിജയം ഉറപ്പിച്ചുള്ള പ്രവർത്തനങ്ങളുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. ഒ രാജഗോപാലിന്റെ പിൻഗാമിയായി കുമ്മനം നിയമസഭയിലെത്തിയ സംസ്ഥാന നേതൃത്വത്തിൽ കൂടുതൽ കരുത്താർജ്ജിക്കാൻ കുമ്മനത്തിന് സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ആസൂത്രണ സമിതി
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചന യോഗങ്ങൾ ആരംഭിച്ചതായി കുമ്മനം രാജശേഖരൻ തന്നെ അറിയിച്ചു. നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ചുകഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു. വികസന പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു. അടുത്ത അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം.

തോറ്റാലും കുമ്മനം നേമത്ത് തുടരും
അതേസമയം മണ്ഡലത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും കുമ്മനം നേമത്ത് തുടരട്ടെയെന്ന നിലപാടാണ് ആർഎസ്എസിന്റേത്. ജയിച്ചാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലൂന്നിയായിരിക്കും കുമ്മനം മുന്നോട്ട് പോകുക. തൽക്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്ന് ആർഎസ്എസ് കണക്കുകൂട്ടുന്നു. എന്നാൽ ഴയതുപോലെ ആർഎസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്ന് കുമ്മനവും വ്യക്തമാക്കിയിട്ടുണ്ട്. നേമത്തെ ജയവും തോൽവിയും എന്നതല്ല, മണ്ഡലത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും എന്റെ പ്രേരണ സ്രോതസ് എന്നത് ആര്‍എസ്എസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശക്തമായ ത്രികോണ മത്സരം
ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. കുമ്മനം രാജശേഖരനെ നേരിടാൻ എൽഡിഎഫ് വി ശിവൻകുട്ടിയെയാണ് കളത്തിലിറക്കിയത്. കോൺഗ്രസാകട്ടെ പാർലമെന്റിൽ നിന്നും വി മുരളീധരനെ ഇറക്കി. എന്ത് വിലകൊടുത്തും ബിജെപിയിൽ നിന്ന് മണ്ഡലം തിരികെ പിടിക്കുമെന്ന് ഇരു മുന്നണികളും അവകാശപ്പെടുമ്പോൾ ഇത്തവണയും നേമത്ത് നിന്ന് ഒരു ബിജെപി പ്രതിനിധി സഭയിലുണ്ടാകുമെന്ന് പാർട്ടിയും കരുതുന്നു.

ബിജെപിയുടെ ഉറപ്പ്
2016 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ ഭൂരിപക്ഷം ബിജെപിയ്ക്ക് മാത്രമാണ്. കേരളം മുഴുവന്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ച ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇടത് തരംഗം അഞ്ഞടിച്ച തദ്ദേശ തിരഞ്ഞെടുപ്പിലും നേമം ബിജെപിയ്‌ക്കൊപ്പം ആയിരുന്നു. അത് തന്നെയാണ് ഇത്തവണയും ബിജെപിയുടെ പ്രതീക്ഷ. അതേസമയം തനിക്ക് കിട്ടിയ വോട്ടുകള്‍ കുമ്മനം രാജശേഖരന് കിട്ടുമോ എന്ന് ഉറപ്പില്ലെന്നും കുമ്മനം തന്റെ പിന്‍ഗാമിയാണെന്ന് കരുതുന്നില്ലെന്നും ആയിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.

35,000 ന്യൂനപക്ഷ വോട്ടുകള്‍
മണ്ഡലത്തില്‍ 35,000 ല്‍ പരം ന്യൂനപക്ഷ വോട്ടുകള്‍ ഉണ്ട്. ഈ വോട്ടുകള്‍ തന്നെ ആയിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാവുക എന്നാണ് വിലയിരുത്തലുകള്‍. ഈ വോട്ടുകള്‍ ആര്‍ക്ക് കിട്ടും എന്നത് കാത്തിരുന്നു തന്നെ കാണണം. നേമത്ത് ഒരുപാട് ആക്ഷേപങ്ങള്‍ കേട്ട കോണ്‍ഗ്രസ് ഇത്തവണ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത് ജയത്തില്‍ കുറഞ്ഞ ഒന്നും ലക്ഷ്യം വച്ചല്ല. കഴിഞ്ഞ തവണ നഷ്ടമായ പ്രതാപം വീണ്ടെടുക്ക എന്ന അധിക ഉത്തരവാദിത്വമാണ് സിപിഎം സ്ഥാനാർഥി വി ശിവൻക്കുട്ടിക്കുള്ളത്.

വോട്ടുകള്‍ വിഭജിക്കും
2006 ല്‍ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ ശക്തന്‍ വിജയിച്ച മണ്ഡലം ആയിരുന്നു നേമം. അന്ന് ബിജെപിയ്ക്ക് ലഭിച്ചത് 6,705 വോട്ടുകള്‍ മാത്രമായിരുന്നു. യുഡിഎഫിന് ലഭിച്ചിരുന്ന വോട്ടുകളാണ് പിന്നീട് ബിജെപി പിടിച്ചെടുത്തത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ, കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നതോടെ ആ വോട്ടുകള്‍ വിഭജിക്കപ്പെടും എന്ന വിലയിരുത്തലും ഉണ്ട്.












Click it and Unblock the Notifications