വട്ടിയൂര്‍ക്കാവിലെ പോസ്റ്ററുകള്‍ തൂക്കിവിറ്റു, മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും വിളിച്ച് വീണ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ തൂക്കി വിറ്റു. 50 കിലോയോളം വരുന്ന പോസ്റ്ററുകളാണ് തിരുവനന്തപുരം വൈഎംആര്‍ ജംഗ്ഷനിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തിയത്. കിലോയ്ക്ക് പത്ത് രൂപയ്ക്കാണ് പോസ്റ്ററുകള്‍ വിറ്റിരിക്കുന്നത്. കോണ്‍ഗ്രസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ് ഈയൊരു കാര്യം. നേരത്തെ തന്നെ വട്ടിയൂര്‍ക്കാവില്‍ വളരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും, ആര്‍ക്കും താല്‍പര്യമില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. അത് സൂചിപ്പിക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പിന് ശേഷം പോസ്റ്ററുകള്‍ അപ്രത്യക്ഷമായത്.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സംഭവത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയിരിക്കുകയാണ്. പേരൂര്‍ക്കട മണ്ഡലം പ്രസിഡന്റാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. നന്തന്‍കോടി സ്വദേശി ബാലുവാണ് ഇതിന് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും വീണ നേരിട്ട് വിളിച്ചിരിക്കുകയാണ്. അവര്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇരുവരോടും ഇക്കാര്യം സംസാരിച്ചതായി വീണ പറഞ്ഞു. പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Recommended Video
നടപടി എടുക്കാമെന്ന് അവര്‍ക്ക് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം വട്ടിയൂര്‍ക്കാവില്‍ കടുത്ത മത്സരമാണ് നടന്നത്. കെ മുരളീധരന്‍ പോയ ശേഷം ഈ മണ്ഡലം വികെ പ്രശാന്തിലൂടെ സിപിഎം പിടിക്കുകയായിരുന്നു. ഇത്തവണ ജയം വേണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിപിഎമ്മും ബിജെപിയും അതിശക്തമായ പോരാട്ടമാണ് ഇവിടെ നടത്തിയത്. കോണ്‍ഗ്രസിന് അതിനൊപ്പം എത്താനായില്ലെന്ന വികാരം ശക്തമാണ്. മണ്ഡലത്തില്‍ പ്രശാന്തിനുള്ള ജനപ്രീതി അതിശക്തമായിരുന്നു. രാജേഷ് ബിജെപിക്ക് വേണ്ടിയും നല്ല പോരാട്ടമാണ് നടത്തിയത്.
അതേസമയം താന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയല്ലെന്ന് വീണ പറയുന്നു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പാര്‍ട്ടി വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. വികെ പ്രശാന്ത് ഉന്നയിക്കുന്നത് പോലെ വട്ടിയൂര്‍ക്കാവില്‍ വോട്ട് മറിച്ചിട്ടില്ല. ആ ആരോപണം മറുപടി പോലും ്അര്‍ഹിക്കുന്നതല്ല. ഒന്നുമില്ലെങ്കിലും ഒരു എംഎല്‍എ ഇത്രത്തോളം തരംതാഴാന്‍ പാടില്ലെന്നും വീണ പറഞ്ഞു. അതേസമയം പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവം വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോര്‍ട്ട് തരണമെന്നാണ് ഡിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത നടപടി തന്നെ എടുക്കുമെന്നാണ് സൂചന.


Click it and Unblock the Notifications