ലോക്ഡൗണ്‍ ലോക്കിലായി കാവേരി... രക്ഷകരായി നാട്ടുകാര്‍, ഇനി വേണ്ടത് ഈ സഹായം, പ്രതീക്ഷ!!
ആറ്റിങ്ങല്‍: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല കാര്യങ്ങളും അവതാളത്തിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങളും ഇക്കൂട്ടത്തില്‍ സംഭവിച്ചിട്ടുണ്ട്. ഒരു ആന ലോക്ഡൗണിനെ തുടര്‍ന്ന് വലഞ്ഞ അവസ്ഥയാണ് ഇതില്‍ അദ്ഭുതപ്പെടുത്തുന്നത്. പൂരത്തിന് എത്തിയ ആന നാട്ടിലേക്ക് മടങ്ങാനാവാതെ ആറ്റിങ്ങലില്‍ കുടുങ്ങി പോവുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥയിലുള്ള കാവേരി എന്ന 55 വയസ്സുള്ള പിടിയാനയാണ് പാപ്പാന്‍ ഗോപാലകൃഷ്ണനൊപ്പം ഒന്നരമാസം ആറ്റിങ്ങലില്‍ കുടുങ്ങി പോയത്.

കാവേരിയും പാപ്പാനും ആറ്റിങ്ങലില്‍ കുടുങ്ങി പോയിട്ടും കഷ്ടതകള്‍ ഒന്നും അനുഭവിച്ചിട്ടില്ല. ഇവിടെ ഒന്നരമാസത്തോളമായി നാട്ടുകാരുടെ സഹായവും സ്‌നേഹവും ഏറ്റുവാങ്ങിയാണ് ഇവര്‍ ഇവിടെ തങ്ങുന്നത്. ആറ്റിങ്ങലിലെ കൊടുമണ്‍ ക്ഷേത്രത്തിലെ ഉത്സവത്തിനായിട്ടാണ് കാവേരിയെ ഇവിടെയെത്തിച്ചത്. തുടര്‍ന്ന് സമീപത്തെ തിരുവാറാട്ട് കാവ് ക്ഷേത്രത്തോത്സവത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഇവര്‍ ആറ്റിങ്ങലില്‍ തന്നെ തങ്ങിയത്. ഇതാണ് പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലിയ പ്രതിസന്ധിയായി മാറിയത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ട് പ്രധാന പ്രതിസന്ധികളാണ് ഇവരുടെ മുന്നില്‍ വന്നത്. പ്രധാനമായും ക്ഷേത്രത്തിലെ ഉത്സവം മുടങ്ങി പോയി. ഇതിന് പിന്നാലെ അതാതിടങ്ങളില്‍ തന്നെ ആളുകള്‍ തങ്ങണമെന്ന് ഉത്തരവും വന്നു. ഇതോടെ ആനയും പാപ്പാനും തിരുവാറാട്ട്കാവ് ക്ഷേത്രത്തില്‍ തന്നെ തുടരുകയായിരുന്നു. ആനയും പാപ്പാനും തിരിച്ചുപോകാനാവാതെ ദുരിതത്തിലായ വിവരം അറിഞ്ഞ നാട്ടുകാരായ യുവാക്കളാണ് ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത്.
അതേസമയം ആറ്റിങ്ങലിലേക്ക് ഇവര്‍ വരുമ്പോഴുണ്ടായിരുന്ന അനുമതിയുടെ കാലാവധി ലോക്ഡൗണ്‍ കാലയളവില്‍ അവസാനിച്ചിരുന്നു. മടങ്ങിപ്പോകാനുള്ള പോലീസിന്റെ പാസ് തിങ്കളാഴ്ച്ച ലഭ്യമാകുമെന്ന് നഗരസഭ കൗണ്‍സിലര്‍ ആര്‍എസ് പ്രശാന്ത് പറഞ്ഞു. ഇതോടെ ഇവര്‍ നീണ്ട കാത്തിരിപ്പിന് ശേഷം നാട്ടിലെത്താന്‍ ഒരുങ്ങുകയാണ്. അടുത്തൊന്നും ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ട് കാവേരി നാട്ടില്‍ തന്നെ തുടരും.












Click it and Unblock the Notifications