കൂട്ടുകാരന്റെ വാക്ക് കേട്ട് സൗദി ജയിലിലേക്ക്; 2 വർഷത്തിന് ശേഷം യൂസഫലിയുടെ ഇടപെടൽ, പ്രവാസിക്ക് മോചനം
തിരുവനന്തപുരം: രണ്ട് വർഷത്തോളമായി സൗദി ജയിലിൽ കഴിയുന്ന പ്രവാസിക്ക് മോചനത്തിനുള്ള വഴിയൊരുക്കി എംഎ യൂസഫലി. കൂട്ടുകാരന്റെ ഉപദേശം കേട്ട് എടുത്ത് ചാടി ജയിലിൽ കഴിയേണ്ടി വന്ന തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദിനാണ് ഒടുവിൽ ശാപമോക്ഷം പോലെ യൂസഫലിയുടെ ഇടപെടലിലൂടെ ജയിൽ മോചനം സാധ്യമായത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് റഷീദ് റിയാദിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയത്. നാല് വര്‍ഷങ്ങൾക്ക് മുന്‍പ് ഡ്രൈവർ ജോലിക്കായാണ് റഷീദ് സൗദിയിലേക്ക് എത്തിയത്. എന്നാൽ പിന്നീട് റഷീദിനെ സ്‌പോണ്‍സര്‍ തന്റെ കടയില്‍ ജോലിയ്ക്ക് നിര്‍ത്തുകയായിരുന്നു. രാജ്യത്ത് സ്വദേശിവത്കരണം ശക്തമായ സമയം കൂടിയായിരുന്നു ഇത്. തുടർന്ന് ഒരിക്കൽ പരിശോധനയ്‌ക്കെത്തിയ പോലീസ് അടുത്ത തവണ കണ്ടാല്‍ അറസ്‌റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതോടെ അറസ്‌റ്റ് ഭയന്ന റഷീദ് തൊഴിലിടം വിടുകയായിരുന്നു. ഇതിന് ശേഷം ഒരു സുഹൃത്തിന്റെ അരികില്‍ അഭയം തേടുകയായിരുന്നു. റഷീദിന്റെ പാസ്‌പോര്‍ട്ട് തൊഴില്‍ ഉടമയുടെ കൈവശം ആയിരുന്നു. ഇതോടെ പെട്ടന്ന് നാട്ടിലെത്തുന്നതിനായി സുഹൃത്തും, സാമൂഹികപ്രവര്‍ത്തകനുമായ ഷാന്‍ പറഞ്ഞുകൊടുത്ത ഉപദേശമാണ് റഷീദിനെ രണ്ടര വർഷത്തെ ജയിൽ വാസത്തിലേക്ക് നയിച്ചത്.
നാടുകടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ അവർ ജയിലിലടക്കുമെന്നും, പിന്നീട് വെറും മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്താമെന്നുമായിരുന്നു ഷാൻ നൽകിയ ഉപദേശം. ഷാൻ റഷീദിൽ നിന്നും 4000 റിയാൽ കൈപറ്റുകയും ചെയ്‌തിരുന്നു. പിന്നീട് സുഹൃത്തിനെ കുറിച്ച് ഒരു വിവരം ഇല്ലാതായി.
ഷാനിന്റെ ഉപദേശം അക്ഷരം പ്രതി അനുസരിച്ച റഷീദാവട്ടെ ജയിലിലുമായി. അങ്ങനെ രണ്ട് വർഷത്തോളമാണ് റഷീദ് സൗദി ജയിലിൽ കിടന്നത്. ഈ വിവരം എംഎ യൂസഫലി അറിഞ്ഞതോടെ ഇഹുമായൂതി ബന്ധപ്പെട്ട നിലനിന്നിരുന്ന നിയമപ്രശ്‌നങ്ങളെല്ലാം റിയാദിലെ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടല്‍ മൂലം പരിഹരിക്കുകയായിരുന്നു. തുടർന്നാണ് റഷീദിനെ സൗദി ജയിലിൽ നിന്ന് മോചിതനാക്കിയതും നാട്ടിലേക്ക് അയച്ചതും.












Click it and Unblock the Notifications