വ്യക്തി ആക്രമണങ്ങളും ആക്രോശങ്ങളും മേയർ ആര്യയെ കൂടുതൽ കരുത്തുള്ള വ്യക്തിയാക്കി: സിപിഎം
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷകാലത്തിനിടയിൽ സ്ഥാപിതതാൽപര്യക്കാർ സ: ആര്യയ്ക്ക് നേരെ നടത്തിയിട്ടുള്ള ആക്രമണങ്ങളും ആക്രോശങ്ങളും തിരുവനന്തപുരം കോർപ്പറേഷന്‍ മേയർ ആര്യ എസ് രാജേന്ദ്രനെ കൂടുതൽ കരുത്തുള്ള വ്യക്തിയാക്കി രൂപപെടുത്തിയിരിക്കുന്നുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. 21 കാരിയെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ അല്പം ശങ്ക പ്രകടിപ്പിച്ചവർ ഉണ്ട്, എന്നാൽ പാർട്ടിയുടെ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ് മേയറെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കോർപ്പറേഷന്റെ വികസന നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആനാവൂർ നാഗപ്പന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
തിരുവനന്തപുരം നഗരസഭാ നേട്ടങ്ങളുടെ കുതിപ്പിൽ
സീറോ ബഡ്ജറ്റ് പൊങ്കാല ശുചീകരണം, അമൃത് മിഷൻ പുരസ്ക്കാരം, റിവേഴ്സ് ഓസ്മോസിസ്സ് പ്ലാന്റ് കൂടാതെ 2022 ബഡ്ജറ്റിൽ നമ്മുടെ നഗരത്തിൽ ഇനിയെന്ത് വേണമെന്ന് പൊതുജനങ്ങൾക്ക് പറയാൻ അവസരം . ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ നടപ്പാക്കിയ പുത്തൻ ആശയമാണ് സീറോ ബഡ്ജറ്റ് പൊങ്കാല ശുചികരണം. ഇതേകുറിച്ച് ആദ്യം കേട്ടപ്പോൾ തെല്ലൊരു ആശങ്ക തോന്നാതിരുന്നില്ല. പൂർണമായി ചിലവില്ലാതെ പൊങ്കാലയ്ക്ക് ശേഷം നടക്കുന്ന ഒരു വലിയ ശുചീകരണ പരിപാടി നടപ്പാക്കാനായിരുന്നു മേയർ സ: ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഭരണസമിതി തീരുമാനിച്ചത്. അക്ഷരാർഥത്തിൽ അത് സാധിച്ചിരിക്കുന്നു എന്ന വാർത്ത അഭിമാനത്തോടെയാണ് വായിച്ചത്. ഒറ്റദിവസം കൊണ്ട് പൊങ്കാലയ്ക്ക് ശേഷം നഗരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ചരിത്രം സൃഷ്ട്ടിച്ച നഗരസഭാ, ഇത്തവണ അത് ഒരു നയാപൈസയുടെ ചിലവില്ലാതെ നടപ്പാക്കി എന്നത് ചെറിയ നേട്ടമല്ല. അതേകുറിച്ച് മേയർ തന്നെ വിശദീകരിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് കമന്റിൽ ഉണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന അമൃത് പദ്ധതി നടത്തിപ്പിൽ തിരുവനന്തപുരത്തിന് മികച്ച പ്രകടനത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. അമൃതിൽ 270 പദ്ധതിയിലാണ് തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തിട്ടുള്ളത്, അതിൽ നാളിതുവരെ 237 പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. 24 പദ്ധതികൾ അവസാനഘട്ടത്തിലാണ്. അത്തരത്തിൽ കേരളത്തിലെ നഗരസഭകളിൽ പദ്ധതി നടത്തിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച നഗരസഭയായി തിരുവനന്തപുരം നഗരസഭയെ തിരഞ്ഞെടുത്തു.
ജലസ്രോതസ്സുകളിലെ കുടിവെള്ളം ശുദ്ധീകരിച്ച് 20 ലിറ്റർ ക്യാനുകളിലാക്കി മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി തിരുവനന്തപുരം നഗരസഭ മണ്ണന്തല വാർഡിലെ വയമ്പാച്ചിറ കുളത്തിൽ 75 ലക്ഷം രൂപയുടെ റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യ പ്രകാരമുള്ള ശുദ്ധജല നിർമ്മാണ പ്ലാൻറ് സ്ഥാപിച്ചു. ജല ചൂഷണം നടത്താതെ തന്നെ വയമ്പാച്ചിറ കുളത്തിലെ ശുദ്ധമായ ജലം തിരുവനന്തപുരം നഗരത്തിലെ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ നൽകുവാനാണ് പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്. നിലവിലെ ജല സ്രോതസ്സിന് യാതൊരുവിധത്തിലുള്ള അപാകതയും വരാതെയാണ് ഈ പ്ലാൻറ് പ്രവർത്തിക്കുക.
2022 ലെ നഗര ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നമ്മുടെ നഗരത്തിൽ ഇനിയെന്തൊക്കെ വേണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നഗരസഭാ അവസരമൊരുക്കിയിരിക്കുന്നു. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ജനങ്ങൾക്ക് നിർദ്ദേശങ്ങൾ അയക്കാം.
തലസ്ഥാന നഗരം വികസന ക്ഷേമ പദ്ധതികൾ വിജയകരമായി ആസൂത്രണം ചെയ്ത് നടപ്പാക്കി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നഗരഭരണാധികാരി എന്ന നിലയ്ക്ക് സ: ആര്യ രാജേന്ദ്രൻ കാണിക്കുന്ന സ്ഥിരോത്സാഹവും നേതൃപാടവവും അഭിനന്ദനീയമാണ്. ഏത് വിഷയത്തെയും അവധാനതയോടെ പഠിക്കുകയും ആഴത്തിൽ വിശകലനം നടത്തുകയും പഴുതടച്ച തീരുമാനങ്ങളിൽ എത്തുകയും നിശ്ചദാർഢ്യത്തോടെ നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. കഴിഞ്ഞ ഒരു വർഷകാലത്തിനിടയിൽ സ്ഥാപിതതാൽപര്യക്കാർ സ: ആര്യയ്ക്ക് നേരെ നടത്തിയിട്ടുള്ള ആക്രമണങ്ങളും ആക്രോശങ്ങളും ആര്യയെ കൂടുതൽ കരുത്തുള്ള വ്യക്തിയാക്കി രൂപപെടുത്തിയിരിക്കുന്നു എന്ന് വേണം കരുതാൻ.
21 കാരിയെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ അല്പം ശങ്ക പ്രകടിപ്പിച്ചവർ ഉണ്ട്, എന്നാൽ പാർട്ടിയുടെ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ് മേയർ സ: ആര്യ രാജേന്ദ്രൻ. സ്മാർട്ട് സിറ്റി ഉൾപ്പെടെ നഗരവികസനത്തിന്റെ കാതലായ നിരവധി പദ്ധതികൾ അടുത്ത ചില മാസങ്ങളോടെ പൂർത്തിയാക്കി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസനനേട്ടങ്ങളിലേയ്ക്ക് നമ്മുടെ നഗരസഭാ കുതിക്കാൻ ഒരുങ്ങുകയാണ്. നഗരസഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പാർട്ടിയുടെയും ബഹുജനങ്ങളുടെയും സമ്പൂർണ്ണ പിന്തുണ ഉണ്ടാകും. ഭരണസമിതിയ്ക്കും മേയർക്കും നഗരസഭാ ജീവനക്കാർക്കും സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ.












Click it and Unblock the Notifications