ഓഫീസില്‍ കാര്യമറിയില്ല.... പിന്നെങ്ങനെയാണ് മുഖ്യമന്ത്രി കേരളം ഭരിക്കുക, തുറന്നടിച്ച് ചെന്നിത്തല!!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം കടുപ്പിച്ച് രമേശ് ചെന്നിത്തല. തന്റെ ഓഫീസില്‍ നടക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അദ്ദേഹം കേരളം ഭരിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരള പോലീസും ആഭ്യന്തര വകുപ്പും കേസില്‍ കാണിക്കുന്നത് ഗൗരവമായ അലംഭാവമാണെന്നും ചെന്നിത്തല പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് നിന്ന് പ്രതികള്‍ ബെംഗളൂരുവില്‍ എത്തിയത് പോലീസിന്റെ സഹായത്തോടെ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ല. അഴിമതികള്‍ക്ക് റെക്കോര്‍ഡിട്ട സര്‍ക്കാരാണിത്. ശാസ്ത്രീയമായി എങ്ങനെ പണമുണ്ടാക്കാം, അഴിമതി നടത്താം എന്നതിന് ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു. പ്രതികള്‍ ബെംഗളൂരുവിലേക്ക് രക്ഷപ്പെട്ടത് മുഖ്യമന്ത്രി നിര്‍ദേശപ്രകാരമാണ്. മുഖ്യമന്ത്രി അറിയാതെ കേരള പോലീസ് ചലിക്കുമോയെന്ന് ചെന്നിത്തല ചോദിച്ചു. താനും ആഭ്യന്തര മന്ത്രിയായിരുന്ന ആളാണെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ സമ്മേളനത്തില്‍ വിഡി സതീശന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങളെ സങ്കടപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ കേരളത്തിലെ ജനങ്ങള്‍ പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസം പാസാക്കി കഴിഞ്ഞു. ഈ സര്‍ക്കാരില്‍ വിശ്വാസമില്ല. ഇതുവരെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് എതിരായി എഫ്‌ഐആര്‍ ഇടാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നത് പോലീസിന്റെ നിശബ്ദതയിലൂടെ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്തിലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഒരിക്കല്‍ കൂടി ചെന്നിത്തല ആവര്‍ത്തിച്ചു. കരുണാകരന്‍ രാജിവെച്ചത് രാജനെ വെടിവെച്ച് കൊന്നതിനാണോ? ചാരക്കേസില്‍ കരുണാകരന്‍ രാജിവെച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന, പ്രശ്‌നത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു എന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിണറായിക്ക് രക്ഷപ്പെടാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നല്‍കുന്ന അധികാരം ദുര്‍വിനിയോഗം ചെയ്ത സംഭവം ഇന്ത്യന്‍ ചരിത്രത്തില്‍ വേറൊന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications