20 മണിക്കൂര്‍ നീണ്ട തിരച്ചില്‍; തിരുവനന്തപുരത്ത് കാണാതായ 2 വയസ്സുകാരിയെ ഓടയ്ക്ക് സമീപം കണ്ടെത്തി
തിരുവനന്തപുരം: ചാക്കയില്‍ നിന്ന് കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് അടുത്ത് നിന്നാണ് കണ്ടെത്തിയത്. ഇരുപത് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആശ്വാസ വാര്‍ത്തയെത്തിയത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡിസിപി നിധിന്‍ രാജ് പറഞ്ഞു. സ്റ്റേഷനടുത്തുള്ള ഓടയ്ക്ക് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസ് വിലയിരുത്തല്‍. കുട്ടിയെ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. നേരത്തെ കുട്ടിയുടെ സഹോദരന്റെ മൊഴി വീണ്ടുമെടുക്കാമെന്ന് പോലീസ് തീരുമാനിച്ചിരുന്നു. കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

അതേസമയം മേരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയാണ്. എന്നാല്‍ കുട്ടിയെ എന്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് നന്ദി അറിയിച്ചുണ്ട്. നേരത്തെ കുട്ടിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുത്തിരുന്നു. ഇവിടെ നിന്ന് കുട്ടിയുടെ വസ്ത്രങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം നിര്‍ണായകമാകുമെന്ന വിലയിരുത്തലായിരുന്നു പോലീസ്.
രാത്രി പന്ത്രണ്ടിന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കിടയില്‍ കുട്ടി ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറഞ്ഞ യുവാവിനെയും സ്റ്റേഷനില്‍ എത്തിച്ചിരുന്നു. രാത്രി പന്ത്രണ്ടരയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ട് പുരുഷന്മാര്‍ സ്‌കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടുവെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മൊഴിയെടുത്തത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ മകളാണ് മേരി. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ എടുത്തുകൊണ്ടുപോയി എന്നായിരുന്നു സഹോദരന്റെ മൊഴി.












Click it and Unblock the Notifications