നവജാത ശിശുവിനെ വിറ്റ സംഭവം; അമ്മ അറസ്റ്റില്‍, 37 വയസിനിടെ 7 തവണ പ്രസവിച്ചെന്ന് മൊഴി
തിരുവനന്തപുരം: നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസവിച്ച് നാലാം ദിവസം കുഞ്ഞിനെ വിറ്റ അഞ്ജു കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവില്‍ കഴിയുകയായിരുന്നു. തമ്പാനൂര്‍ പൊലീസ് ആണ് മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അഞ്ജുവിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ആണ് അഞ്ജു പ്രസവിച്ചത്. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിയായ സ്ത്രീക്കാണ് അഞ്ജു വിറ്റത്. ഏപ്രില്‍ 21 നാണ് നവജാത ശിശുവിനെ പ്രസവിച്ചയുടനെ വില്‍പ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. മൂന്ന് ലക്ഷം രൂപ നല്‍കിയാണ് കരമന സ്വദേശിയായ സ്ത്രീ കുഞ്ഞിനെ അഞ്ജുവില്‍ നിന്നും വാങ്ങിയത്.

ഏഴാം മാസം മുതലാണ് അഞ്ജു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയില്‍ ആക്കിയിരുന്നു. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്‍പ്പന അടക്കമുള്ള കാര്യങ്ങള്‍ വെളിച്ചത്തായത്. പൊലീസ് ചോദ്യംചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് കരമന സ്വദേശിയായ സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. അഞ്ജുവിനെ ആണ്‍സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
ഇയാളെ ചോദ്യം ചെയ്തിലൂടെയാണ് അഞ്ജു ഒളിവിലുള്ള സ്ഥലം വ്യക്തമായത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കുഞ്ഞിനെ വിറ്റത് എന്നാണ് അഞ്ജു പൊലീസിനോട് പറഞ്ഞത്. 37 വയസിനുള്ളില്‍ ഏഴ് കുട്ടികളെ പ്രസവിച്ചു എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികള്‍ ഇവരുടെ ആദ്യ ഭര്‍ത്താവിന്റെ കൂടെയാണ് താമസിക്കുന്നത്. മൂന്ന് കുട്ടികള്‍ ഇവര്‍ക്കൊപ്പം താമസിക്കുന്നുണ്ട്.
ഒരു കുട്ടി മരിച്ചു പോവുകയും ഒരു കുട്ടിയെ വില്‍ക്കുകയും ചെയ്തു എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. നവജാത ശിശുവിനെ വില്‍പന നടത്തി എന്ന കുറ്റത്തിന് യുവതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഏപ്രില്‍ ഏഴിന് കുഞ്ഞിനെ പ്രസവിച്ച് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍ വെച്ചു തന്നെ കുഞ്ഞിനെ കൈമാറി എന്നാണ് കരമന സ്വദേശിയായ സ്ത്രീ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications