5 വർഷത്തെ കാത്തിരിപ്പ്, ആദ്യത്തെ കൺമണി പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അപകടം, യുവാവിന് ദാരുണാന്ത്യം
പഴഞ്ഞി: വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ആദ്യത്തെ കണ്‍മണിയെ കാണാനാകാതെ യുവാവിന് ദാരുണാന്ത്യം. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ശരത്ത് എന്ന യുവാവ് അച്ഛനാകാന്‍ പോകുകയാണെന്ന വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ശരത് ഉണ്ടായിരുന്നില്ല. രാത്രി സംഭവിച്ച ബൈക്കപടം ശരത്തിന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു.
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കുന്നംകുളം വെട്ടിക്കടവ് പള്ളിക്ക് സമീപത്ത് വച്ചാണ് ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെടുകയായിരുന്നു. വെസ്റ്റ് മാങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ശരത് ആണ് മരിച്ചത്. 30 വയസായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

ഭാര്യ നമിതയെ പ്രവസവത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് ഭാര്യയുടെ അടുത്തേക്ക് എത്താനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞാണ് ശരത്ത് ഉറങ്ങിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ശരത്തിന് കൂട്ടുകാരന്റെ വിളിയെത്തുന്നത്. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്ന് കുന്നംകുളം അഞ്ഞൂരില്‍ വഴിയിലായ അവനെ സഹായിക്കാന്‍ മറ്റൊരു സുഹൃത്തുമായി അപ്പോള്‍ തന്നെ പുറപ്പെട്ടു. എന്നാല്‍ ആ യാത്ര ഇനി ഒരിക്കലും തിരിച്ചു വരാത്തത്ര ദൂരത്തേക്കായിരുന്നു.

അപകടത്തിന് ശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂല്‍പ്പറമ്പത്ത് വീട്ടില്‍ അനുരാഗിന് ഗുരുതര പരിക്കുണ്ട്. അനുരാഗിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാട്ടക്കാമ്പല്‍ ചിറയ്ക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ശരത്ത്. ബി ജെ പിയുടെ സേവന പ്രവര്‍ത്തനങ്ങളിലും താലൂക്ക് ആശുപത്രിയിലെ പൊതിച്ചോര്‍ വിതരണത്തിലും സജീവമായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ഷീല. സഹോദരി: ശരണ്യ. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കാരം നടത്തും.












Click it and Unblock the Notifications