തൃശൂരിലും അമീബിക് മസ്‌തിഷ്‌ക ജ്വരം കണ്ടെത്തി; പന്ത്രണ്ട് വയസുകാരൻ ചികിത്സയിൽ, ആരോഗ്യനില തൃപ്‌തികരം
തൃശൂർ: കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിയിലാണ് രോഗബാധ കണ്ടെത്തിയത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. കുട്ടിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയിരുന്നു.
അടുത്ത കാലത്തൊന്നും പുഴയിലോ കുളത്തിലോ കുട്ടി കുളിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ പതിവായി പാടത്ത് കളിയ്ക്കാൻ പോവാറുണ്ടെന്നും അവിടെ നിന്നാവാം ഈ രോഗബാധ ഉണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ജൂൺ പതിനാറിനാണ് വിദ്യാർഥിയെ ഇവിടെ പ്രവേശിപ്പിച്ചത്. തൃശൂരിൽ ആദ്യമായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം കണ്ടെത്തുന്നത്.

തുടക്കത്തിൽ വെന്റിലേറ്ററിൽ ആയിരുന്നു, എന്നാൽ പിന്നീട് സ്ഥിതി മെച്ചപ്പെടുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടി ആശുപത്രി വിട്ടേക്കുമെന്ന ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെയുള്ള അപകടകരമായ മസ്‌തിഷ്‌ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
കഴിഞ്ഞയാഴ്‌ച കോഴിക്കോട് തിക്കോടി സ്വദേശിയായ പതിനാല് വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നു കുട്ടികള്‍ക്കാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ജീവന്‍ നഷ്‌ടമായത്. രോഗംബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശിനിയായ അഞ്ചു വയസുകാരി മെയ് മാസത്തിൽ മരിച്ചിരുന്നു. പിന്നീട് കണ്ണൂർ സ്വദേശിനി ദക്ഷിണ, ഫറോക് സ്വദേശി മൃദുൽ എന്നീ കുട്ടികളും മരണത്തിന് കീഴടങ്ങിയത്.
എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം? ലക്ഷണങ്ങള്‍
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് ഇത് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
രോഗബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്‌മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയവയും കാണാറുണ്ട്.
പ്രതിരോധ നടപടികൾ
കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക എന്നതാണ് ഈ രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇവ അവഗണിക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.












Click it and Unblock the Notifications