തൃശൂരിൽ ഗുണ്ടാ പാർട്ടിയുടെ 'ആവേശം' മോഡൽ ആഘോഷം; കൊലക്കേസ് പ്രതികൾ ഉൾപ്പെടെ പങ്കെടുത്തു
തൃശൂർ: ആഘോഷ പാർട്ടി നടത്തി കൊലക്കേസ് പ്രതി റീൽസ് പുറത്തുവിട്ടത് വിവാദമാകുന്നു. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപാണ് ആഘോഷം സംഘടിപ്പിച്ചത്. പിന്നീട് അതിന്റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
ഒരു പാടത്ത് വച്ചാണ് ഈ ആഘോഷങ്ങൾ നടന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ ഹിറ്റായ എടാ മോനെ ഡയലോഗ് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അനുപിന്റെ സുഹൃത്തുക്കളും പരിചയക്കാരുംഉൾപ്പെടെ അറുപതിലേറെ പേർ ഈ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

പിന്നാലെ ഇത്രയധികം ആളുകൾ കൂടിയതറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുകയും ചെയ്‌തിരുന്നു. ഏപ്രിലിൽ ആയിരുന്നു ഈ റീൽ പുറത്തിറക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. ആഘോഷ പരിപാടിയിൽ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണെന്നാണ് സൂചന.
അടുത്തിടെ തന്റെ അച്ഛന്റെ മരണം നടന്നിരുന്നുവെന്നും ആ സമയത്ത് ആർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് അനൂപ് പോലീസിനോട് പറഞ്ഞത്. അതുകൊണ്ട് അവർക്ക് ഭക്ഷണം നൽകുകയാണ് ചെയ്‌തത് എന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ കണ്ടത്.
നേരത്തെ ആലപ്പുഴയിലും സമാനമായ രീതിയിൽ ഗുണ്ടാ സംഗമം നടന്നിരുന്നു. തൃശൂരിലെ രണ്ടു കാപ്പ കേസ് പ്രതികൾ, കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി, വ്യാപാരിയെ തടഞ്ഞു സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾ, സ്‌പിരിറ്റ് കേസ് പ്രതികൾ തുടങ്ങിയവർ ഉണ്ടായിരുന്നു എന്നാണ് സൂചന. വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവരാണ് ഇവർ.
ഇതിന് പുറമെ ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകളുടെ സംഗമം നടന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. അടിക്കടി ഉണ്ടാവുന്ന ഗുണ്ടാസംഗമങ്ങളിൽ പോലീസും ആശങ്കയിലാണ്.












Click it and Unblock the Notifications