'ദേവസ്വം പ്രസിഡന്റ് ഔറംഗസേബ് ആയാൽ ബിജെപിക്ക് ശിവജി ആവേണ്ടി വരും'; പൂരം കലക്കലിൽ ബി ഗോപാലകൃഷ്‌ണൻ
തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദ റിപ്പോർട്ടിൽ കൊച്ചിൻ ദേവസ്വത്തിന് എതിരെ ആഞ്ഞടിച്ച് ബിജെപി. ഇടതുപക്ഷത്തിന്റെ നാവായാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നാണ് പ്രമുഖ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടത്. ഹൈക്കോടതിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വം പ്രസിഡന്റ് ഔറംഗസേബ് നയമാണ് പിന്തുടരുന്നത്. ക്ഷേത്രങ്ങളെ രാഷ്ട്രീയ വത്കരിക്കുകയാണ് ദേവസ്വം ബോർഡെന്നും അവരുടെ ചുമതല ക്ഷേത്ര പരിപാലനം മാത്രമാണെന്നും ഗോപാലകൃഷ്‌ണൻ ചൂണ്ടിക്കാണിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ റിപ്പോർട്ടിൽ പരാമർശമുള്ള വ്യക്തികളിൽ ഒരാളാണ് ബി ഗോപാലകൃഷ്‌ണൻ.

ഇതിന് പിന്നാലെയാണ് അദ്ദേഹം ബോർഡിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇടത് മുന്നണി സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ദേവസ്വവും ഇടതുപക്ഷവും ചേർന്നാണ് പൂരം അലങ്കോലമാക്കിയത്. ദേവസ്വം ബോർഡ് പ്രസിഡന്റിന് ഇതിൽ രഹസ്യ അജണ്ട ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് സുദർശനെ വ്യക്തിപരമായി ആക്ഷേപിക്കാൻ ബി ഗോപാലകൃഷ്‌ണൻ തയ്യാറായി. അദ്ദേഹത്തിന് വെട്ടുപലിശക്കാരുടെ സ്വഭാവമാണെന്നും ദേവസ്വം പ്രസിഡന്റിന്റെ തറവാട്ടുവക സ്വത്തല്ല ദേവസ്വം ഭൂമിയെന്നും ഗോപാലകൃഷ്‌ണൻ വിമർശിച്ചു. ശക്തൻ തമ്പുരാൻ നിശ്ചയിച്ച രീതിയിലേ തിരഞ്ഞെടുപ്പ് നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പൂരം തകർക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ലക്ഷ്യമിട്ടു. നേരത്തെ ശക്തൻ തമ്പുരാന്റെ പ്രതിമ സ്ഥാപിക്കാൻ മുന്നിട്ട് നിന്നത് ബിജെപിയാണ്. കൊച്ചിൻ ദേവസ്വത്തിൽ ഇപ്പോൾ രാഷ്ട്രീയ അതിപ്രസരമാണ് എന്നവകാശപ്പെട്ട ബി ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഔറംഗസേബ് ആയാൽ ബിജെപിക്ക് ഛത്രപതി ശിവാജിയുടെ വേഷം കെട്ടി ഇറങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, പോലീസ് നിയന്ത്രണമല്ല തിരുവമ്പാടി ദേവസ്വവും ബിജെപിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് തൃശൂർ പൂരം കലങ്ങാൻ കാരണം എന്നായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. വെടിക്കെട്ട് വൈകിച്ചതിൽ ഉൾപ്പെടെ തിരുവമ്പാടി ദേവസ്വത്തിന്റെ പങ്ക് റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്.
തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലിലൂടെ പൂരം കലക്കിയെന്ന് ആരോപിച്ചുകൊണ്ട് ബി. ഗോപാലകൃഷ്‌ണൻ നൽകിയ ഹർജിയിലായിരുന്നു കൊച്ചിൻ ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ്‌കുമാർ, ബി ഗോപാലകൃഷ്‌ണൻ, വത്സൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യത്തെ കുറിച്ചും അതിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഗോപാലകൃഷ്‌ണൻ തന്നെ രംഗത്ത് വന്നത്.












Click it and Unblock the Notifications