'തൃശൂരിൽ ക്രൈസ്‌തവ സഭകൾ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടി'; സിപിഎം ജില്ലാ കമ്മിറ്റി
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ തൃശൂരിൽ ക്രിസ്ത്യന് സഭകൾക്ക് എതിരെ വിമർശനവുമായി സിപിഎം. തിരഞ്ഞെടുപ്പിൽ ക്രൈസ്‌തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടിയാണെന്നായിരുന്നു സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ വിമർശനം. നേരത്തെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഎം വിമർശനം കടുപ്പിക്കുന്നത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലുള്ള വിലക്ക് നീക്കാമെന്ന് ധാരണയുണ്ടാക്കിയെന്നാണ് സിപിഎം ആരോപണം. ഈ വിലക്ക് പിന്‍വലിക്കുന്നതിന് പകരമായി ക്രൈസ്‌തവ സഭകൾ തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കുകയായിരുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആരോപിക്കുന്നു. മണിപ്പൂർ വിഷയം തൃശൂരിൽ ഏശിയില്ലെന്നും സിപിഎം പറയുന്നു.

എൽഡിഎഫിനെ പൂർണമായി കൈയൊഴിയുന്ന സമീപനം തന്നെ ക്രൈസ്‌തവ സഭകളുടെ ഭാഗത്ത് നിന്നുണ്ടായെന്ന് സിപിഎം ചൂണ്ടിക്കാണിക്കുന്നു. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കപ്പെട്ടുവെന്നാണ് സിപിഎം വിലയിരുത്തൽ. അതിൽ ക്രൈസ്‌തവ വോട്ടുകൾ ബിജെപിക്കും മുസ്ലീം വോട്ടുകളിൽ വലിയൊരു പങ്ക് യുഡിഎഫിനും കിട്ടിയെന്നാണ് സിപിഎം കരുതുന്നത്.
ന്യൂനപക്ഷത്തെ വേട്ടയാടുന്നത് എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിലേക്ക് പോയി. പാർലമെന്റിൽ ഇടതുപക്ഷ എംപി എത്തിയത് കൊണ്ട് വലിയ കാര്യമില്ലെന്ന പൊതുബോധം മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഉണ്ടായെന്നും അതുകൊണ്ടാണ് ഈ വോട്ടുകൾ കൂടുതലായും യുഡിഎഫിലേക്ക് പോയതെന്നുമാണ് സിപിഎം കരുതുന്നത്.
അതേസമയം, തൃശൂരിൽ ക്രൈസ്‌തവ വോട്ടുകൾ പെട്ടിയിലാക്കാൻ ബിജെപി നേരത്തെ തന്നെ കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിനായി നേരിട്ട് രംഗത്തിറങ്ങി എന്നതും ശ്രദ്ധേയമാണ്. കൂടാതെ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയും ക്രൈസ്‌തവ വോട്ടുകൾ ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയിരുന്നു.
മണ്ഡലത്തിൽ എഴുപതിനായിരത്തിൽ അധികം വോട്ടുകൾക്കായിരുന്നു സുരേഷ് ഗോപിയുടെ ജയം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. എന്നിട്ടും മുതിർന്ന നേതാവ് കെ മുരളീധരനെ രംഗത്തിറക്കിയ യുഡിഎഫിനും തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു മുരളീധരൻ.
തൃശൂരിൽ ജനസമ്മതനായ സിപിഐ നേതാവ് വിഎസ് സുനിൽകുമാറിനെ രംഗത്തിറക്കിയ ഇടതുപക്ഷത്തിനും ജയിക്കാനായില്ല. ഇതോടെയാണ് സിപിഎം ക്രൈസ്‌തവ സഭകൾക്ക് എതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്നത്. എന്നാൽ ആരോപണത്തിൽ ഇതുവരെ ക്രൈസ്‌തവ സഭകളുടെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications