Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ആശ്വസിക്കാം... തൃശൂരില്‍ കോംഗോ പനിബാധയില്ലെന്ന് സ്ഥിരീകരിച്ചു

തൃശൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കു കോംഗോ പനി ഇല്ലെന്നു സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ് ആണെന്നു കണ്ടതോടെ ആരോഗ്യമേഖലയില്‍ പരക്കേ ആശ്വാസമായി. ആശുപത്രിയില്‍നിന്നു പറഞ്ഞയക്കാമെന്ന് ഡി.എം.ഒ. അധികൃതരോടു വ്യക്തമാക്കി.

ബാലരാമപുരത്ത് വൃദ്ധയെ കെട്ടിയിട്ട് 11 പവൻ കവർന്നു: വീട്ടിൽ വാടകയ്ക്ക് താമസിച്ചവരെ സംശയം

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദുബായില്‍ നിന്നുമെത്തിയ മുപ്പതുകാരന് കോംഗോ പനിയുണ്ടെന്നു സംശയിച്ചത്. മണിപ്പാലിലെ ലാബിലേക്കാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ 27 ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Thrissur

എന്നാല്‍ ഇയാള്‍ക്ക് ദുബായില്‍ നിന്നാണ് പനി ബാധിച്ചതെന്നും അസുഖം മാറിയതിന് ശേഷമാണ് നാട്ടിലെത്തിയതെന്നും പിന്നീട് ആരോഗ്യവകുപ്പ് വിശദമാക്കി. നിയമപരമായ മുന്‍കരുതലെടുത്തതാണ് വിവരം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് വിശദീകരണം. രോഗം മാറിയശേഷമാണ് നാട്ടിലേക്ക് വന്നതെങ്കിലും നേരത്തെ കോംഗോ പനി വന്നതായി മനസിലാക്കിയതോടെ പ്രത്യേക മുറിയിലേക്കു മാറ്റി. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു. സംസ്ഥാനത്തെ ആദ്യ കോംഗോ കേസായതിനാല്‍ ആരോഗ്യവകുപ്പും ജാഗ്രതയിലായിരുന്നു. കോംഗോ പനിയാണെങ്കില്‍ അസുഖം പൂര്‍ണമായി മാറിയശേഷമേ പറഞ്ഞയക്കുകയുള്ളൂ.

രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. കേരളത്തില്‍ രണ്ടാം തവണയാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011 ല്‍ പത്തനംതിട്ട സ്വദേശിക്ക് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ (സി.സി.എച്ച്.എഫ്) എന്നതാണ് കോംഗോ പനിയുടെ പേര്. 40 ശതമാനം വരെയാണ് മരണ നിരക്ക്.

മൃഗങ്ങളില്‍നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ എന്ന വൈറസ് വഴിയാണ് രോഗം ഉണ്ടാകുന്നത്. ആര്‍.എന്‍.എ. വൈറസുകളുടെ കൂട്ടത്തില്‍ പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചത്. വളര്‍ത്തുമൃഗങ്ങളിലേയും വന്യമൃഗങ്ങളിലേയും ചെള്ളുകളില്‍ നിന്നാണ് ഈ അസുഖം പടരുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാന്‍ പറ്റും. വായുവിലൂടെ പകരുകയില്ലെന്നതിനാല്‍ വ്യാപകമായി പടരാന്‍ സാധ്യത കുറവാണ്. വൈറസ് മൂലമാണു രോഗം ഉണ്ടാകുന്നത്.

ശക്തമായ പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, കഴുത്ത് മടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒന്നു മുതല്‍ മൂന്ന്, ഒന്‍പതു ദിവസത്തിനകം രോഗം പ്രത്യക്ഷപ്പെടും. രോഗിയുമായുള്ള സമ്പര്‍ക്കം കൊണ്ട്, രക്തത്തിലൂടെ അല്ലെങ്കില്‍ മറ്റു ശരീര സ്രവങ്ങളില്‍ കൂടി മനുഷ്യരില്‍നിന്നും പകരും. രോഗം മാരകമാകുന്നവരില്‍, അഞ്ചാം ദിവസം മുതല്‍ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാകും.

ചില രോഗികളില്‍ കോംഗോപനി തലച്ചോറിനെ ബാധിക്കും. തലച്ചോറിനെ ബാധിച്ചാല്‍ മൂന്നു മുതല്‍ അഞ്ചുദിവസത്തിനിടെ മസ്തിഷ്‌കാഘാതം സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍നിന്ന് രക്തം വരിക, ചിക്കന്‍പോക്‌സിന് സമാനമായ പാടുകള്‍ വരിക എന്നതും കാണപ്പെടും. ഇതാണ് അത്യാഹിതമുണ്ടാക്കുന്നത്. എന്നാല്‍ പത്തു ദിവസത്തിനകം രോഗം ഭേദമാകുന്നവരുമുണ്ട്.

റഷ്യയില്‍ പട്ടാളക്കാരിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 1969 ല്‍ കോംഗോയിലും രോഗം കണ്ടെത്തി. 2002 മുതല്‍ 2008 വരെ തുര്‍ക്കിയില്‍ 3128 പേര്‍ക്ക് രോഗബാധ ഉണ്ടായി. 2010 ല്‍ കൊസോവോയില്‍ 70 കേസുകള്‍ ഉണ്ടായി. നാലു മരണങ്ങളും. 2010 സെപ്റ്റംബറില്‍ പാകിസ്താനിലെ കൈബെര്‍ പ്രോവിന്‍സിലും രോഗബാധ ഉണ്ടായി. ഇന്ത്യയില്‍ ആദ്യമായി ഗുജറാത്തില്‍ മൂന്നു മരണങ്ങള്‍ ഉണ്ടായതായി 2011 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം ചെള്ളുകള്‍ ശരീരത്തില്‍ പറ്റിക്കൂടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇലകളുടെയും പുല്ലിന്റെയും അറ്റത്ത് വന്നിരുന്നാണ് മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പറ്റിക്കൂടുന്നത്. കീടങ്ങള്‍ക്കെതിരെ ഉള്ള ലേപനങ്ങള്‍ ഇവയെ തുരത്താന്‍ ഫലം ചെയ്യും. കന്നുകാലികളെയും മറ്റു വളര്‍ത്തുന്നവരും ഡയറി ഫാമുകള്‍ നടത്തുന്നവരും വേണ്ട മുന്‍ കരുതലുകള്‍ എടുക്കണം. കൈയുറ, വസ്ത്രം, ലേപനം എന്നിവ ഉപയോഗിക്കണം. ആരോഗ്യ പ്രവര്‍ത്തകരും മുന്‍കരുതലുകള്‍ പാലിക്കണം. രോഗം ഉണ്ടെന്നു സംശയിക്കുന്നവരെ മാറ്റി പാര്‍പ്പിക്കണം.

അതേസമയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കോംഗോ പനി സ്ഥിരീകരിച്ചെന്ന പ്രചാരണം തെറ്റെന്ന് ആരോഗ്യവകുപ്പ്. മൂത്രാശയ അണുബാധയ്ക്കാണു ദുബായില്‍ നിന്നെത്തിയയാളെ ചികിത്സിക്കുന്നത്. ഇയാള്‍ക്കു കോംഗോ പനി ഇല്ല. ദുബായില്‍വച്ച് രോഗം പിടിപെട്ടെങ്കിലും സുഖപ്പെട്ടെന്നാണ് ആശുപത്രിയില്‍നിന്നു നല്‍കിയ വിശദീകരണം. ദുബായില്‍ കശാപ്പു ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ചെള്ളുകളില്‍ നിന്നാണ് അസുഖം പിടിപെട്ടത്. രോഗമില്ല എന്നുറപ്പു വരുത്തിയാണ് ദുബായ് വിമാനത്താവളത്തില്‍നിന്നും കയറ്റി വിട്ടതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മൂത്രാശയ അണുബാധയ്ക്ക് ചികിത്സിക്കാനെത്തിയപ്പോള്‍ രേഖകളില്‍ കോംഗോ പനി വന്നയാള്‍ എന്നു കണ്ടതോടെയാണ് നിയമപരമായി ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറിയിച്ചത്. അതോടെ സാംപിള്‍ വീണ്ടുമെടുത്ത് മണിപ്പാലിലെ ലാബിലേക്ക് അയച്ചു. റിസല്‍ട്ട് നെഗറ്റീവ് ആണെന്ന് ഒരിക്കല്‍ കൂടി ഉറപ്പാക്കിയശേഷം ആശുപത്രി വിടും. അതുവരെ ഒറ്റയ്‌ക്കൊരു മുറിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന ആശുപത്രി ജീവനക്കാരെയും രോഗിയുടെ ബന്ധുക്കളെയും നിരീക്ഷിക്കുന്നുണ്ട്. വായുവിലൂടെ രോഗം പകരില്ല. രക്തത്തിലൂടെയോ സ്രവത്തിലൂടെയോ മാത്രമേ പകരുകയുള്ളു. അതിനാല്‍ ഭയപ്പെടേണ്ട കാര്യങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിയമപരമായി പാലിക്കേണ്ട മുന്‍കരുതല്‍ സ്വീകരിച്ചതാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+