തൃശൂർ മേയർ എംകെ വർഗീസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ; കോർപ്പറേഷൻ പരിപാടി ബഹിഷ്‌കരിച്ചു
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉടലെടുത്ത തൃശൂർ മേയർ-സിപിഐ ഭിന്നത കൂടുതൽ ശക്തമാവുന്നു. ഏറ്റവും മേയറെ ബഹിഷ്ക്കരിച്ചാണ് സിപിഐ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. തൃശൂർ കോർപറേഷൻ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങാണ് സിപിഐ ബഹിഷ്ക്കരിച്ചത്. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎയും നാല് കൗൺസിലർമാരും പങ്കെടുത്തില്ല.
പരിപാടിയുടെ മുഖ്യാതിഥിയായി നിശ്ചയിച്ചത് തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി ബാലചന്ദ്രനെ ആയിരുന്നു. സിപിഐ അംഗങ്ങൾ പങ്കെടുക്കാത്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു മേയർ എംകെ വർഗീസിന്റെ പ്രതികരണം. ഇവർക്ക് എന്തെങ്കിലും അസുഖം ഉള്ളതു കൊണ്ടാണോ വിട്ടു നിൽക്കുന്നതെന്ന് അറിയില്ലെന്ന് മേയർ പരിഹസിക്കുകയും ചെയ്‌തു.

സുരേഷ് ഗോപിയുമായി മേയർ പുലർത്തുന്ന അടുപ്പവും അടുത്തിടെ അദ്ദേഹത്തെ പൊതുവേദിയിൽ പുകഴ്ത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഐയെ ചൊടിപ്പിച്ചത്. തൃശൂർ മേയർക്കെതിരെ കഴിഞ്ഞ ദിവസം വിഎസ് സുനിൽകുമാർ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. മേയർ പിന്നിൽ നിന്ന് കുത്തിയെന്നായിരുന്നു സുനിൽ കുമാറിന്റെ ആരോപണം.
തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിഎസ് സുനിൽ കുമാറാണ് മത്സരിച്ചത്. എന്നാൽ ഞെട്ടിക്കുന്ന തോൽവിയായിരുന്നു നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ തൃശൂർ മേയർ എംകെ വർഗീസിന്റെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിപിഐ മേയർക്ക് എതിരെ പ്രതിഷേധം കടുപ്പിക്കുന്നത്.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപിയുമായി മേയർ എംകെ വർഗീസ് കൂടിക്കാഴ്‌ച നടത്തിയിടത്ത് നിന്നാണ് വിവാദങ്ങളുടെ തുടക്കം. ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ സിപിഎം പിന്തുണയോടെ ഭരിക്കുന്ന മേയർ എന്തിനാണ് കാണുന്നതെന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉയരുകയും ചെയ്‌തിരുന്നു.
എന്നത് ഒരിടവേളയ്ക്ക് ശേഷം പിന്നെ ഭിന്നത പരസ്യമായത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോൽവി അറിഞ്ഞതോടെയാണ്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപി മുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. ഇതോടെ അതുവരെ അടക്കിപ്പിടിച്ച മേയർ വിരോധം സിപിഐ പ്രകടമാക്കി.
ഇതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി തന്നെ മേയറെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ അതുകൊണ്ടൊന്നും മതിയാകാതെ വന്ന മേയർ അടുത്തിടെ വീണ്ടും പൊതുവേദിയിൽ സുരേഷ് ഗോപിയെ പുകഴ്ത്തി രംഗത്ത് വരികയായിരുന്നു. ഇതാണ് വീണ്ടും സിപിഐ നിലപാട് കടുപ്പിക്കാൻ കാരണമായിരിക്കുന്നത്.












Click it and Unblock the Notifications