മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; തൃശൂരിൽ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റു മരിച്ചു, സുഹൃത്തുക്കൾ കസ്‌റ്റഡിയിൽ
തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ക്രിമിനൽ കേസ് പ്രതി വെട്ടേറ്റു മരിച്ചു. തൃശൂർ വലപ്പാട് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ചെന്ത്രാപ്പിന്നി സ്വദേശി ഹരിദാസൻ നായരാണ് (53) വെട്ടേറ്റു മരിച്ചത്. തൃശൂർ എടമുട്ടത്ത് വച്ചാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്.
ഹരിദാസൻ നായരുടെ സുഹൃത്ത് സുരേഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. കസ്റ്റഡിയില് എടുത്തവരിൽ ഒരാൾ വീട്ടുടമയായ സുരേഷാണ്. രാവിലെയോടെയാണ് കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലിവീട്ടിൽ സുരേഷിന്റെ വീട്ടിൽ ഹരിദാസ് നായരെ മരിച്ച നിലയിൽ കണ്ടത്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടേക്ക് എത്തിയ പോലീസാണ് ഹരിദാസൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുവരാന്തയിലെ കസേരയിൽ കഴുത്തിൽ വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇരിങ്ങാലക്കുടയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അതേസമയം, ഇന്ന് കൊല്ലത്ത് ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ച യുവാവ് സ്വയം തീകൊളുത്തി മരിച്ചിരുന്നു. രൂപേഷ് (40) ആണ് മരിച്ചത്. പത്തനാപുരം നടുകുന്നിലാണ് സംഭവം നടന്നത്. രൂപേഷിന്റെ ഭാര്യ അഞ്ജു (27), തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൾ ആരുഷ്‌മ (10) എസ്എടി ആശുപത്രിയിലും ചികിൽസയിൽ കഴിയുകയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമായതെന്നാണ് പോലീസ് പറയുന്നത്.
രൂപേഷിന്റെ ആക്രമണത്തില്‍ ഭാര്യ അഞ്ജുവിന് തലയ്ക്ക് പിന്നിലും മകൾക്ക് കണ്ണിലുമാണ് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം അടുക്കളയിലെത്തിയ ഇയാൾ സ്വയം തീ കൊളുത്തി മരിച്ചു. ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ പോലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ആദ്യം അയല്‍വാസികള്‍ കരുതിയത് വീടിന് തീപിടിച്ചതാണെന്നായിരുന്നു. പിന്നീടാണ് സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞത്.












Click it and Unblock the Notifications