തൃശൂർ റെയിൽവേ സ്‌റ്റേഷൻ നവീകരണം; സുരേഷ് ഗോപി പ്രഖ്യാപിച്ചത് പഴയ പദ്ധതിയെന്ന് വിമർശനം
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൃശൂർ റെയിൽവേ സ്‌റ്റേഷൻ നവീകരണ പദ്ധതി നേരത്തെ നിർമ്മാണോദ്‌ഘാടനം കഴിഞ്ഞതെന്ന് ആക്ഷേപം. ടിഎൻ പ്രതാപൻ എംപിയായിരുന്ന കാലത്ത് മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നിർമ്മാണോദ്‌ഘടനം ചെയ്‌തതാണ് ഈ പദ്ധതിയെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
തൃശൂർ റെയിൽവേ സ്‌റ്റേഷൻ, ഗുരുവായൂർ സ്‌റ്റേഷൻ എന്നിവയുടെ രാജ്യന്തര നിലവാരത്തിലുള്ള പുർനിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി നിർവഹിച്ചത്. രാജ്യത്തെ വിവിധ റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതിയിൽ ടിഎൻ. പ്രതാപൻ എംപിയായിരിക്കുന്ന കാലത്താണ് തൃശൂർ, ഗുരുവായൂർ സ്‌റ്റേഷൻ വികസനത്തിന് പദ്ധതി പ്രഖ്യാപിച്ചത്.

അതേസമയം, തൃശൂര്‍ റെയില്‍വേ സ്‌റ്റേഷൻ വികസനം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രം അനുവദിച്ച 300 കോടി രൂപയുടെ വികസന പദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രണ്ടര വര്‍ഷം കൊണ്ട് റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിനായി 50 വര്‍ഷങ്ങള്‍ മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ ഭാവിയില്‍ 100 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ മുന്‍കൂട്ടി കണ്ട് തയ്യാറാക്കുവാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന് മുൻപിൽ രൂപരേഖ സമർപ്പിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
പരമ്പരാഗത വാസ്‌തു വിദ്യാരീതിയിലും, വിമാനത്താവള മാതൃകയിലുമുള്ള പ്ലാനുകളാണ് വിമാനത്താവളത്തിനായി പരിഗണനയിൽ ഉള്ളത്. ത്രിഡി സംവിധാനത്തിലുള്ള മാസ്‌റ്റര്‍ പ്ലാന്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ക്ക് മുന്നില്‍ അധികം വൈകാതെ തന്നെ അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും ഏത് രീതിയിലുള്ള മാസ്‌റ്റര്‍ പ്ലാന്‍ വേണമെന്ന് തീരുമാനിക്കുക.
കൂടാതെ ഇരിങ്ങാലക്കുട-ഗുരുവായൂർ-തിരൂർ സമാന്തര റെയിൽപ്പാതയുടെ സർവേ നടപടികൾ ഉടൻ ആരംഭിക്കുമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. മെട്രോ റെയിലിനായി പരിശ്രമം തുടരുമെന്നും ഇനി ജില്ലയുടെ വികസന നാളുകൾ ആണെന്നും സുരേഷ് ഗോപി ചേംബർ ഓഫ് കൊമേഴ്‌സ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി പ്രഖ്യാപിച്ച പദ്ധതിക്കെതിരെ വ്യാപകമായ വിമർശനം ഉയരുന്നത്.












Click it and Unblock the Notifications