ഇഡിയുടെ അടുത്ത ലക്ഷ്യം കേരളമോ? കരുവന്നൂർ തട്ടിപ്പ് കേസിലെ ആരോപണ വിധേയരെ സന്ദർശിച്ച് മുഖ്യമന്ത്രി, സന്ദേശമെന്ത്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ സിപിഎം നേതാക്കളുമായി അപ്രതീക്ഷിത കൂടിക്കാഴ്‌ചയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീൻ, തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണൻ എന്നിവരുമായാണ് പിണറായി ഇന്ന് രാവിലെ കൂടിക്കാഴ്‌ച നടത്തിയത്.
ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന കൂടിക്കാഴ്‌ച അരമണിക്കൂറോളം നീണ്ടുനിന്നു. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ കേരളത്തിൽ ഉൾപ്പെടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ കേസുകളിൽ ഇഡിയുടെ ഇടപെടൽ ഉണ്ടാവുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി നേതാക്കളെ കാണാൻ എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ഇഡി ശക്തമായി പിടിമുറുക്കിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തുടർനടപടികൾ ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്. മുതിർന്ന സിപിഎം നേതാവ് പികെ ബിജുവും കൂടിക്കാഴ്‌ച നടക്കുമ്പോൾ അവിടെ സന്നിഹിതനായിരുന്നു എന്നാണ് വിവരം. കേസിൽ ഇഡിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് മുഖ്യമന്ത്രി ഈ നേതാക്കൾക്ക് നൽകിയെന്നാണ് സൂചന.
അടുത്തിടെ കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമീപിക്കാൻ ഇഡിയോട് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കരുവന്നൂരിന് പുറമെ കേരളത്തിലെ മറ്റ് 12 സഹകരണ ബാങ്ക് അഴിമതികൾ കൂടി അന്വേഷിക്കുന്നുണ്ടെന്നാണ് ഇഡി നൽകിയ മറുപടി. കോടതി നിർദ്ദേശത്തിന്റെ ചുവട് പിടിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഇഡി അടുത്ത ഘട്ട നടപടികളിലേക്ക് കടന്നാലും അത്ഭുതപ്പെടാനില്ല.
അതേസമയം, തൃശൂർ മണ്ഡലത്തിൽ തന്നെയാനുള്ള കരുവന്നൂർ ബാങ്ക് വിഷയം ഉയർത്തികാട്ടിയാൽ അത് ബിജെപിക്ക് ഗുണമാവുമെന്ന വിലയിരുത്തലിലാണ് ഇടത് കേന്ദ്രങ്ങൾ. പ്രത്യേകിച്ച് സ്ഥാനാർത്ഥി സുരേഷ് ഗോപി ആയതിനാൽ തന്നെ തൃശൂർ പിടിക്കാൻ ഏത് വിധേനയും ബിജെപി ശ്രമിക്കുമെന്നും അതിന് ഇഡി ഇറങ്ങുമെന്നും അവർ വിശ്വസിക്കുന്നു.
നേരത്തെ കരുവന്നൂർ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി തൃശൂരിൽ പദയാത്ര നടത്തി സാന്നിധ്യം അറിയിച്ചിരുന്നു. ഇതും ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി കൂട്ടി വായിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഇന്നത്തെ സന്ദർശനത്തിന് പ്രാധാന്യം ഏറെയാണ്. ഇഡി ഇടെപടൽ ഉണ്ടായാൽ സർക്കാർ എങ്ങനെ പ്രതിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.
സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി ഇവിടെ വീണ്ടുകിട്ടാൻ കളിക്കുന്ന സുവർണാവസരമാവുമോ കരുവന്നൂർ ബാങ്ക് തട്ടിപ്പ് എന്നാണ് ഇനി അറിയേണ്ടത്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കേസിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും സിപിഎമ്മിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് എന്നതാണ്.
നിയമ നടപടികൾ ഉണ്ടായാൽ തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെ മാത്രമായിരിക്കില്ല അത് ബാധിക്കുക എന്നാണ് സിപിഎം ഭയക്കുന്നത്. പ്രത്യേകിച്ച് മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ പലവിധ വിഷയങ്ങളിൽ സർക്കാർ ആരോപണം നേരിടുന്ന വേളയിൽ ഇത്തരമൊരു നീക്കം ഉണ്ടായാൽ ചെറുക്കണം എന്ന സന്ദേശമാവും ഇന്നത്തെ കൂടിക്കാഴ്‌ചയിൽ പിണറായി നേതാക്കൾക്ക് നൽകിയിട്ടുണ്ടാവുക.












Click it and Unblock the Notifications