തൃശൂരിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം; സിനിമാ നടൻ ഉൾപ്പെടെ ആറ് പേർ എക്സൈസ് പിടിയിൽ
തൃശൂർ: പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. സിനിമാ താരവും ഡോക്‌ടറും അടക്കം ആറുപേരെയാണ് സംഭവത്തിൽ എക്സൈസ് പിടികൂടിയത്. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ആവശ്യത്തിന് സ്‌പിരിറ്റ് ഇവിടേക്ക് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്.
അതിന് ശേഷം മദ്യം കുപ്പികളിലാക്കി തൃശൂർ ജില്ലയിലും അയൽ ജില്ലകളിലും വിൽക്കുകയായിരുന്നു ഇവരുടെ പതിവ്. ഇരിങ്ങാലക്കുട സ്വദേശിയായ ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

അറസ്‌റ്റിലായ ഡോക്‌ടർ അനൂപ് സിജു വിൽസൺ നായകനായ 'വരയൻ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പെരിങ്ങോട്ടുകരയിലെ ഒരു ഭക്ഷണ ശാലയ്ക്ക് സമീപം വ്യാജമദ്യ നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നതായി മാസങ്ങൾക്കു മുൻപ് തന്നെ എക്സൈസിന് സൂചന ലഭിച്ചിരുന്നു.
ഇതിന് ശേഷം ഇവിടം എക്സൈസ് ഉദ്യോസ്ഥരുടെ കർശന നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ സെൻട്രൽ എക്സൈസ് സ്ക്വാഡും എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കുപ്പികളിലും, കന്നാസുകളിലുമായാണ് പ്രതികള്‍ വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. അരലിറ്ററിന്റെ 432 മദ്യക്കുപ്പികളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഭക്ഷണ ശാലയ്ക്ക് പിറകില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളില്‍ നിന്ന് 16 കെയ്‌സ് വിദേശമദ്യവും പരിശോധനയിൽ കണ്ടെടുത്തു. കുപ്പികളില്‍ പ്രമുഖ ബ്രാന്‍ഡിന്റെ വ്യാജ ലേബല്‍ പതിച്ചാണ് പ്രതികള്‍ മദ്യ വിൽപ്പന നടത്തിയിരുന്നത്.
എക്‌സൈസ് സിഐ അശോക് കുമാര്‍, ഇന്‍സ്‌പെക്ടര്‍ മുരുകദാസ്, കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സജീവ്, മോഹനന്‍ കൃഷ്‌ണപ്രസാദ്, സുധീര്‍ കുമാര്‍, സിജോമോന്‍, ടിആര്‍ സുനില്‍കുമാര്‍, അനീഷ്, വിശാല്‍, സനീഷ് കുമാര്‍ എന്നിവർ അടങ്ങിയ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.












Click it and Unblock the Notifications