തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വനംവകുപ്പിന്റെ കടിഞ്ഞാണ്‍; എഴുന്നള്ളിപ്പിനു വിലക്ക്, ഉത്സവങ്ങള്‍ക്കും കൊണ്ടുപോകരുത്!
തൃശൂര്‍: കഴിഞ്ഞ ദിവസം ഗുരുവായൂരിനടുത്തു രണ്ടു പേരെ ചവിട്ടിക്കൊന്ന കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വനം വകുപ്പിന്റെ കടിഞ്ഞാണ്‍. 15 ദിവസത്തേക്ക് എഴുന്നള്ളിപ്പിനു വിലക്ക്. അടുത്തിടെ നടക്കുന്ന ഉത്സവങ്ങള്‍ക്കും കൊണ്ടുപോകരുതെന്നും ഉത്തരവുണ്ട്. നിരവധി ഉത്സവങ്ങള്‍ക്ക് ഈ ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ ഏല്‍പിച്ചിട്ടുണ്ടെന്നിരിക്കെ അടിയന്തര പ്രാധാന്യത്തിലാണ് ഉത്തരവ്.
ഒരു കണ്ണ് നേരത്തെ നഷ്ടപ്പെട്ട ആനയെ ഫെബ്രുവരി രണ്ടിന് അവസാനമായി വനംവകുപ്പ് പരിശേധിച്ചു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെങ്കിലും നിരോധനം നിലവില്‍ വന്നതിനാല്‍ ആന കടുത്ത നിയന്ത്രണത്തിലാകും. ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ നിയന്ത്രണത്തിനു പുറമെ ഫോസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ആനയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2012 ലെ നാട്ടാന പരിപാലന ചട്ടമനുസരിച്ച് എഴുന്നള്ളിപ്പുകളില്‍ നിന്നും വിലക്കേര്‍പ്പെടുത്താനാണ് തീരുമാനമെന്നറിയുന്നു.

ഇതുപ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ക്ക് ആന വിധേയമായേക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞതുമൂലം ഇതു വരെ14 ജീവന്‍ അപഹരിക്കപ്പെട്ടതായാണ് കണക്കുകള്‍. വെള്ളിയാഴ്ച ഇടഞ്ഞ ഇവന്റെ രക്ത സാമ്പിള്‍ റിസള്‍ട്ട് ഉടനെ തന്നെ വെറ്ററിനറി ഓഫീസില്‍ നിന്നും ലഭിച്ചേക്കും. ഇടഞ്ഞ സ്ഥലത്ത് വനം വകുപ്പെത്തും മുമ്പെ ആനയെ ലോറിയില്‍ കയറ്റി കൊണ്ടു പോയതിനാല്‍ പിന്നീട് തെച്ചി ക്കോട്ടുകാവിലെത്തി യാ ണ് രക്ത സാമ്പിള്‍ ശേഖരിച്ചത്. ആനയുടെ പാപ്പാന്‍ മാരെ ഗുരുവായൂര്‍ പോലിസ് ചോദ്യം ചെയ്തു വരുന്നുണ്ട്.
ജീവിതത്തിന്റെ അവസാന ഫ്രെയിമില്‍ സന്തോഷം പകര്‍ന്ന് യാത്രയായി
ഗുരുവായൂര്‍ കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരി(ബാബു)യും കോഴിക്കോട് നരിക്കുനി അരീക്കല്‍ ഗംഗാധരനും എടുത്ത സെല്‍ഫി ജീവിതത്തിന്റെ അവസാനഫ്രെയിമായി. തമാശകളും പൊട്ടിച്ചിരികളുമായി സന്തോഷ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടിരിക്കെയാണു ദുരന്തം ആനയുടെ രൂപത്തില്‍ ഇരുവരെയും ഞെരിച്ചമര്‍ത്തിയത്. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലകുറി സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.
അതിനിടെ അടുത്ത പറമ്പില്‍ നിന്നു പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഓടിയടുക്കുകയായിരുന്നു. ഇതിനിടെ ഇരുവര്‍ക്കും ആനയുടെ ചവിട്ടേറ്റു. ബാബു സംഭവസ്ഥലത്തും ഗംഗാധരന്‍ ആശുപത്രിയിലുമാണു മരിച്ചത്. ഇവരുടെ സുഹൃത്ത് മുള്ളത്തു ഷൈജുവിന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്.
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തംവീട്ടിലേക്കും ഷൈജു സ്വീകരിച്ചാനയിച്ചു. മരിച്ച നാരായണന്‍ 40 വര്‍ഷത്തിലേറെയായി വിദേശത്തായിരുന്നു. ഭാര്യ: ബേബിനിഷ. മക്കള്‍: ഡോ. നീനു, റിനു. ഗംഗാധരനും ഭാര്യ ശ്യാമളയ്ക്ക് ഒപ്പം ഖത്തറിലാണ്. നാട്ടില്‍ ഇടയ്ക്കിടെ വന്നുപോകും.












Click it and Unblock the Notifications