'കാഴ്‌ചയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കും'; നിർണായക ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന കൊമ്പനാന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്‌ച ശക്തിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ആനയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയിലും കോടതി സംശയം ഉന്നയിച്ചു. ആനയുടെ ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏറ്റെടുക്കണമെന്നും, കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് എഴുന്നള്ളിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കാൻ കഴിയുമെന്നായിരുന്നു കോടതി ഉന്നയിച്ച പ്രധാന ചോദ്യം. മനുഷ്യ-മൃഗ സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ട് കഴിഞ്ഞു വെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇനി കൂടുതൽ അപകടങ്ങൾ ആവർത്തിക്കരുതെന്നും, സുരക്ഷയാണ് വിശ്വാസത്തേക്കാൾ മുന്നിൽ വരേണ്ടതെന്നും ചൂണ്ടിക്കാട്ടി.

നേരത്തെ ആനകൾ നിൽക്കുന്നയിടത്ത് നിന്ന് ആളുകൾ പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കി ഹൈക്കോടതി ചുരുക്കിയിരുന്നു. എന്നാൽ ഇത്തരം നിബന്ധനകളിൽ ഉൾപ്പെടെ പാറമേക്കാവ് ദേവസ്വം കടുത്ത എതിർപ്പാണ് ഉന്നയിച്ചത്. ഇത്തരം ദൂരപരിധിയടക്കമുള്ള നിർദേശങ്ങൾ അപ്രായോഗികമാണെന്ന് പാറമേക്കാവ് ദേവസ്വം കോടതിയില്‍ വാദിക്കുകയുണ്ടായി.
എന്നാൽ കോടതി വഴങ്ങിയില്ല, കൂടാതെ ആനയുടെ ആറ് മീറ്ററിനുള്ളിൽ തീവെട്ടി പാടില്ലെന്ന് കോടതി കോടതി നിർദ്ദേശിച്ചു. ആനയുടെ മുൻഭാഗത്തുള്ള നിയന്ത്രണങ്ങൾ ഒരിക്കലും കുടമാറ്റം ഉൾപ്പടെയുള്ള ചടങ്ങുകൾ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കടുത്ത എതിർപ്പിനെ തുടർന്ന് തൃശൂര്‍ പൂരത്തിന് നാട്ടാനകളെ നിയന്ത്രിക്കാനിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിനെതിരെ സംഘാടകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് 50 മീറ്റർ ചുറ്റളവിൽ മേളം പാടില്ലെന്ന നിർദ്ദേശം ഒഴിവാക്കിയത്.
ആനയ്ക്ക് അസ്വസ്ഥതകളുണ്ടാകാത്ത വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ജനങ്ങളും തമ്മിലുള്ള അകലം എന്നിവയ്ക്ക് ഉൾപ്പെടെ നിയന്ത്രണമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഭേദഗതി വരുത്തിയതായി വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തി കോടതി ഉത്തരവ് വന്നിരിക്കുന്നത്.
ഏപ്രിൽ 19നാണ് ഇത്തവണത്തെ തൃശൂർ പൂരം നടക്കുക. 13ന് കൊടിയേറിയ തൃശൂർ പൂരംത്തിന് ഇനി പ്രധാന ചടങ്ങുകളായി 17ന് സാംപിൾ വെടിക്കെട്ടും, 17നും 18നും നടക്കുന്ന ചമയപ്രദർശനത്തോടെയും ആണ് പൂരത്തിലേക്ക് കടക്കുക. ഏപ്രിൽ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. വൈകുന്നേരം അഞ്ചു മണിക്ക് കുടമാറ്റവും നടക്കും. പൂരത്തെ വരവേൽക്കാൻ തൃശൂർ നഗരം ഒരുങ്ങി കഴിഞ്ഞു.












Click it and Unblock the Notifications