തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവിൽ പോയ ഭർത്താവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുപ്പിള്ളി സ്വദേശി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് ബിനു ഭാര്യ ഷീജയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച 2 മക്കൾക്ക് പരിക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പരിക്കേറ്റ ആൺകുട്ടിയുടെ നില ഗുരുതരമാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയമുളളതായി പോലീസ് വ്യക്തമാക്കി. രാവിലെ സംഭവത്തിന് ശേഷം ഇവിടെ നിന്ന് മുങ്ങിയ ബിനുവിന് വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
അടുത്തിടെ നടന്ന സമാന സംഭവത്തിൽ എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയിരുന്നു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തിൽ ബേബിയാണ് ഭാര്യ സ്‌മിതയെ കൊലപ്പെടുത്തി, ആത്മഹതത്യ ചെയ്‌തത്. രണ്ട് പെൺമക്കളെയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
പിറവം ജെഎംപി ആശുപത്രിക്ക് സമീപമാണ് മരിച്ച ബേബിയും കുടുംബവും താമസിച്ചിരുന്നത്. വെട്ടേറ്റ പെൺമക്കളിൽ ഒരാൾ അയൽവാസികളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നഴ്സിംഗ് വിദ്യാർത്ഥിനികളായ മക്കൾ രണ്ട് പേരും ക്രിസ്‌തുമസ് അവധിക്ക് വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്.












Click it and Unblock the Notifications