കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പികെ ബിജുവിനെ എട്ട് മണിക്കൂറിലേറെ ചോദ്യം ചെയ്‌തു, നടപടികൾ കടുപ്പിച്ച് ഇഡി
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് തലവേദനയായി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം. ഏറ്റവുമൊടുവിൽ മുൻ എംപിയും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി പികെ ബിജുവിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്‌തു. തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ടാണ് ബിജുവിനെ ഇന്ന് വിട്ടയച്ചത്.
ബിജുവിനെ കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും ഇഡി നോട്ടീസ് നൽകിയിരുന്നു. ഇന്നലെ ഹാജരാകാനാണ് നിർദ്ദേശിച്ചതെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാൽ ഈ മാസം 26 വരെ ഹാജരാകാൻ സാധിക്കില്ലെന്നാണ് വർഗീസിന്റെ മറുപടി. ഇതിന് പിന്നാലെയാണ് വർഗീസിന് വീണ്ടും നോട്ടീസ് അയച്ചുകൊണ്ട് ഇഡി നിലപാട് ശക്തമാക്കിയത്. സിപിഎം കൗൺസിലർ പികെ ഷാജനും ഹാജരാകാൻ നോട്ടിസ് അയച്ചിട്ടുണ്ട്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലുമായിരുന്നു ഇഡി പികെ ബിജുവിനെ ചോദ്യം ചെയ്‌തത്. പാർട്ടിക്ക് കരുവന്നൂർ സഹകരണ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന ആരോപണമാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങളിലാണ് ഇഡി സംശയം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ട് വരുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തതോടെ നടപടി വൈകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിലെ ഉന്നതരെ തന്നെ ഇഡി നോട്ടമിട്ടിരിക്കുന്നത്. പികെ ബിജുവിനെ എട്ട് മണിക്കൂറോളമാണ് ഇന്ന് ചോദ്യം ചെയ്‌തത്.
വർഗീസും ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, കേസിൽ ഒരു വർഷത്തിൽ അധികമായി ഇഡി അന്വേഷിക്കുകയാണ്. ഇതിനിടെ നാലോളം പേരെ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പി സതീഷ് കുമാര്‍, പിപി കിരണ്‍, പിആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
നേരത്തെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച സമിതിയിലെ അംഗങ്ങളായിരുന്നു മുൻ എംപി പികെ ബിജുവും സിപിഎം കൗൺസിലർ ഷാജനും. ഈ അന്വേഷത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ ഇവരോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications