തൃശൂരിൽ ഭാരത് അരിയുടെ വിൽപന തടഞ്ഞ് പോലീസ്; നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി
തൃശൂർ: മുല്ലശേരിയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ വിൽപന പോലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. പഞ്ചായത്തിലെ ഏഴാം വാർഡിൽ വ്യാഴാഴ്‌ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തന്നെ അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു.
എന്നാൽ ഇത് ചെവിക്കൊള്ളാൻ ബിജെപി പ്രവർത്തകർ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ തർക്കമുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധിക പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ തൃശൂരിൽ അടുത്തിടെയാണ് കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഭാരത് അരിയുടെ വിൽപന ആരംഭിച്ചത്.

മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്നും, പൊന്നി അരി നൽകി ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ലെന്നും ടിഎന്‍ പ്രതാപന്‍ തുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നായിരുന്നു സിപിഐയുടെ വിമർശനം. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്.
അതേസമയം, ഭാരത് അരിക്ക് ബദലായുമായി സംസ്ഥാന സർക്കാർ രംഗത്ത് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാരത് അരിയുടെ വിതരണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ നിർണായക നീക്കം. കുറഞ്ഞ വിലക്ക് ശബരി എന്ന പേരിൽ കേരളത്തിന്റെ സ്വന്തം അരി വിപണിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ അരി എത്തിച്ച് സ്വന്തം ബ്രാൻഡിന്റെ പേരിൽ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ഈ വിഷയം പരിശോധിക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് തന്നെ അരി സംഭരിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.
നേരത്തെ കേന്ദ്ര സർക്കാർ 29 രൂപയ്ക്ക് വിറ്റഴിക്കുന്ന ഭാരത് അരി വിതരണക്കാരായ നാഫെഡിന് ലഭിക്കുന്നത് പതിനെട്ടര രൂപയ്ക്കാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വിലയ്ക്ക് സംസ്ഥാനത്തിന് അരി ലഭ്യമാക്കിയിരുന്നെങ്കിൽ 22 രൂപ നിരക്കിൽ വിതരണം ചെയ്യുമായിരുന്നുവെന്നാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ വാർത്തയോട് പ്രതികരിച്ചത്.
ഇത്തരത്തിൽ മണ്ഡലത്തിന് അകത്തും പുറത്തും അരി വിഷയം പുകയുന്നതിനിടെയാണ് പോലീസ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇത് പ്രചാരണ ആയുധമാക്കാൻ ആവും ബിജെപിയുടെ ശ്രമം. എന്നാൽ അരി വിതരത്തിലെ ബിജെപിയുടെ കള്ളി വെളിച്ചത്തായെന്ന നിലയിലാവും സർക്കാർ ഇത് അവതരിപ്പിക്കുക.












Click it and Unblock the Notifications