കേരള വർമ്മ യൂണിയൻ തിരഞ്ഞെടുപ്പ്; റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി, എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കി
തൃശൂർ: കേരള വർമ്മ കോളേജ് യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിലെ വിധി റദ്ദാക്കി ഹൈക്കോടതി. എസ്എഫ്ഐയിലെ അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ച തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടുകൾ വീണ്ടും ചട്ടപ്രകാരം എണ്ണാനാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയാണ് നടപടി.
അതേസമയം, സുതാര്യമായി റീ കൗണ്ടിങ് നടന്നാൽ കെഎസ്‍യു തന്നെ വിജയിക്കുമെന്ന് ചെയർമാൻ സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ പ്രതികരിച്ചു. വോട്ടെടുപ്പ് നടന്നതിലല്ല വോട്ടെണ്ണിയതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധിന്റെ വിജയം റദ്ദാക്കിയത്. അതിനാലാണ് റീ കൗണ്ടിംഗ് നടത്താൻ ഉത്തരവിട്ടത്.

ചട്ടങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താനാണ് ജസ്‌റ്റിസ് ടിആർ രവി റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. നിയമ പ്രകാരം അസാധുവെന്ന് കണ്ടെത്തിയ വോട്ടുകൾ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. ആദ്യ കൗണ്ടിംഗിൽ 1 വോട്ടിന് കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് വിജയിയായതെന്ന് ടാബുലേഷൻ രേഖകൾ സഹിതം കോടതി ചൂണ്ടികാട്ടുകയും ചെയ്‌തിരുന്നു.
35 വർഷത്തിന് ശേഷമാണ് തൃശൂർ കേരള വർമ കോളേജിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി വിജയം നേടിയത്. എന്നാൽ, വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത് വരികയായിരുന്നു.
റീ കൗണ്ടിങ്ങിന് ശേഷം പതിനൊന്ന് വോട്ടുകൾക്ക് എസ്എഫ്ഐയുടെ അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപനം വരികയായിരുന്നു. ഇതിനെതിരെയാണ് കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ ഹൈക്കോടതിയ സമീപിച്ചത്.
റീ കൗണ്ടിങ് നടത്തിയപ്പോൾ ആദ്യ ഘട്ടത്തിൽ അസാധുവാക്കിയ വോട്ടുകൾ കൂടി എണ്ണിയെന്നാണ് കെഎസ്‌യു ആരോപിച്ചത്. അതാണ് എസ്എഫ്ഐ സ്ഥാനാർഥി വിജയിക്കാൻ കാരണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവച്ചാണ് ഹൈക്കോടതി ഇപ്പോൾ വീണ്ടും വോട്ടെണ്ണലിന് ഉത്തരവിട്ടിരിക്കുന്നത്.












Click it and Unblock the Notifications